നടൻ രാജ്‌മോഹൻ  അന്തരിച്ചു; ഏറ്റെടുക്കാൻ ആളില്ലാതെ മൃതദേഹം മോർച്ചറിയിൽ

Monday 18 July 2022 12:26 PM IST

തിരുവനന്തപുരം: നടൻ രാജ്‌മോഹൻ അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 1967ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന ചിത്രത്തിലെ നായകനാണ് രാജ്‌മോഹൻ.

ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്‌മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്‌മോഹൻ. വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചതിന് ശേഷം സിനിമ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

പരിചരിക്കാൻ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയായിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.