പ്രതിപക്ഷ നേതാവ് സജി‌ത് പ്രേമദാസ പിന്മാറി, ശ്രീലങ്കയെ നയിക്കാൻ റെനിലോ, ദല്ലസോ

Tuesday 19 July 2022 10:25 PM IST

കൊളംബോ: ജനകീയ പ്രക്ഷോഭത്തിൽ വിറച്ച ശ്രീലങ്കയുടെ പുതിയ നായകനെ ഇന്ന് രാവിലെ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ തിരഞ്ഞെടുക്കും. പ്രതിപക്ഷ നേതാവും എസ്.ജെ.ബി പാർട്ടി അദ്ധ്യക്ഷനുമായ സജിത് പ്രേമദാസ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ആക്ടിംഗ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ റെനിൽ വിക്രമസിംഗെ, മുൻ മന്ത്രി ദല്ലസ് അല്ലഹപെരുമ എന്നിവരിൽ ഒരാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ജെ.വി.പി പാർട്ടി നേതാവ് അനുര കുമാര ദിസ്സനായകയും മത്സരരംഗത്തുണ്ട്. 2024 നവംബർ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

മഹിന്ദ രാജപക്സയുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയിൽ നിന്ന് തെറ്റി 10 എം.പിമാരുമായി പാർട്ടിവിട്ട ദുല്ലാസിനെ പിന്തുണയ്ക്കുമെന്ന് പ്രധാനപ്രതിപക്ഷമായ എസ്.ജെ.ബിയും സജിത് പ്രേമദാസയും അറിയിച്ചു. ദുല്ലാസിന് മതിയായ പിന്തുണയുണ്ടെന്നും അദ്ദേഹം പ്രസിഡന്റായാൽ സജിത് പ്രധാനമന്ത്രിയാകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി രഞ്ജിത് ബണ്ഡാര പറഞ്ഞു. സ്വതന്ത്ര എം.പിമാരുടെ പിന്തുണയും ഡല്ലസിനുണ്ട്.

225 അംഗ പാർലമെന്റിൽ 145 എം.പിമാരുള്ള ശ്രീലങ്ക പൊതുജന പെരുമന റെനിലിനെ പിന്തുണയ്ക്കും. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം റെനിലിനെതിരാണെന്നത് തിരിച്ചടിയായേക്കും. ഭരണകക്ഷി നേതാവായ മന്ത്രി ദിനേശ് ഗുണവർദ്ധനയാണ് യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗമായ റെനിലിന്റെ പേര് നിർദ്ദേശിച്ചത്. റെനിൽ പ്രസിഡന്റായാൽ ഗുണവർദ്ധന പ്രധാനമന്ത്രിയായേക്കും. രാജപക്സമാർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയ 2020ലെ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും കിട്ടാത്ത യു.എൻ.പി പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്‌ത അംഗമാണ് റെനിൽ.

നാഷണൽ പീപ്പിൾസ് പവർ സഖ്യമാണ് അനുര കുമാര ദിസ്സനായകയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശ്രീലങ്ക ഫ്രീഡം പാർട്ടി അറിയിച്ചു. എസ്.ജെ.ബിയ്ക്ക് 54ഉം, നാഷണൽ പീപ്പിൾസ് പവറിന് 3ഉം വീതം വോട്ടുകളുണ്ട്. പത്ത് സീറ്റുള്ള ഇളങ്കി തമിഴ് അരസു കട്ചി ഉൾപ്പെടെ മറ്റു പാർട്ടികൾ വേറെയുമുണ്ട്. ഇവരുടെ വോട്ടുകൾ ഇന്ന് നിർണായകമാണ്.

അതേ സമയം, റെനിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Advertisement
Advertisement