കെ.എസ്.എഫ്.ഇ ബ്രാ‍ഞ്ചിൽ അരക്കോടിയുടെ തട്ടിപ്പ്: മുൻ മാനേജരടക്കം രണ്ടുപേർ അറസ്റ്റിൽ

Wednesday 20 July 2022 2:38 AM IST

കൊണ്ടോട്ടി: കെ.എസ്.എഫ്.ഇ കൊണ്ടോട്ടി ശാഖയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ കേസിൽ ശാഖാ മാനേജരായിരുന്ന കോഴിക്കോട് കോമേരി സൗപർണിക വീട്ടിൽ സന്തോഷ് (53),​ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടിൽ ജയജിത്ത് (42) എന്നിവർ അറസ്റ്റിൽ.
2016-2018 കാലയളവിൽ കൊണ്ടോട്ടി കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ മാനേജരായിരുന്ന സന്തോഷിന്റെ സഹായത്തോടെ, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകളുടെ പേരിൽ ലക്ഷങ്ങളുടെ കുറിയിൽ ചേർന്ന ജയജിത്ത് ഇവ വിളിച്ചെടുത്ത് വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. സംഭവസമയത്ത് സർക്കാർ ഹോസ്റ്റൽ വാർഡനായിരുന്ന ജയജിത്ത് ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് വ്യാജരേഖകൾ നിർമ്മിച്ചത്.
കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നിലവിലെ മാനേജർ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഒരു വർഷത്തോളമായി സസ്‌പെൻഷനിലാണ് രണ്ടുപേരും.
കെ.എസ്.എഫ്.ഇയുടെ മറ്റു ശാഖകളിലും ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Advertisement
Advertisement