മകന്റെ ഓർമ്മക്കായി പിതാവ് നിർമ്മിച്ച വായനശാല ഇനി നാടിന് സ്വന്തം

Wednesday 20 July 2022 1:32 AM IST

ചേർത്തല : വാഹനാപകത്തിൽ മരിച്ച മകന്റെ ഓർമ്മയ്ക്കായി പിതാവ് നിർമ്മിച്ച വായനശാല മന്ത്റി പി.പ്രസാദ് നാടിന് സമർപ്പിച്ചു. പുസ്തകങ്ങളെയും വായനയേയും ഫോട്ടോഗ്രാഫിയെയും സ്‌നേഹിച്ചിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡിൽ മണവേലി വിഷ്ണുഭവനിൽ (പാലംപറമ്പ്) പി.ജി.സത്യൻ-രാധിക ദമ്പതികളുടെ മകൻ വിഷ്ണുവിന്റെ ( 25 ) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പിതാവ് വായനശാല നിർമ്മിച്ചത്.

കലവൂർ കെ.എസ്.ഡി.പി യിലെ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു 2021 ഓഗസ്​റ്റ് ആറിന് രാവിലെ ജോലിക്ക് പോകുന്നതിനിടെ മായിത്തറയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.

ഫർണീച്ചർ വ്യാപാരിയായ പി.ജി.സത്യൻ വീടിന് സമീപം തന്റെ കടമുറികളിലെ 250 ചതുരശ്ര അടിയോളമുള്ള ഒരു മുറി വിഷ്ണു സ്മാരക വായനശാലയും ഗ്രന്ഥശാലയുമാക്കുകയായിരുന്നു. 1000ത്തിലധികം പുസ്തകങ്ങളും ഇതിനകം ശേഖരിച്ചു .നിവധി പേർ പുസ്തകങ്ങൾ സംഭാവനയായി നൽകാമെന്ന് ഉറപ്പു നൽകിയട്ടുണ്ട്. ഐ.ടി.ഐ പൂർത്തിയാക്കിയ വിഷ്ണു മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിവിധ അവാർഡുകളും നേടിയിട്ടുണ്ട്.സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചികിത്സാ സഹായ വിതരണം ഗാന രചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നിർവഹിച്ചു.

കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ്,വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ,ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി തിലകരാജ്,ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,മിനി ലെനിൻ,പഞ്ചായത്ത് അംഗം ശശികല, പി.ആർ.രഞ്ജിനി,സിബി തോമസ്,വി.ഡി. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.വിഷ്ണുവിന്റെ മാതാവ് രാധികയും സഹോദരി ശ്രീവിദ്യയും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement