അനിശ്ചിതകാല സമരം

Wednesday 20 July 2022 2:28 AM IST

തിരുവനന്തപുരം: അശാസ്ത്രീയമായി നി‌ർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലൂടെ ഉണ്ടാകുന്ന തീരശോഷണമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അതിരൂപതാ വൈദിക സമ്മേളനവും പാസ്റ്ററൽ കൗൺസിലും അല്മായ - വനിതാ വേദികളും യുവജന സംഘടനയും സംയുക്തമായി അനിശ്ചിതകാല സമരം നടത്തും. രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സഹായമെത്രാൻ ക്രിസ്തുദാസും സെക്രട്ടേറിയറ്റ് പടിക്കൽ വൈകിട്ട് 3ന് എത്തുന്ന ധർണ അതിരൂപതാ അദ്ധ്യക്ഷൻ തോമസ് ജെ.നെറ്റോയും ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷ ഉറപ്പുവരുത്തുക, ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം നടപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ തിരുവനന്തപുരം അതിരൂപതാ വികാരി യൂജിൻ എച്ച്. പെരേര അറിയിച്ചു. കെ.എൽ.സി.എ പ്രസിഡന്റ് പാട്രിക് മൈക്കിൾ, തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റ് ഷാജിൻ ജോസ്, തിരുവനന്തപുരം അതിരൂപതാ അല്മായ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന ഫാ.മൈക്കിൾ തോമസ്, സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ആഷ്ലിൻ, ഭാരവാഹികളായ നിക്സൻ ലോപ്പസ്, ഷേർളി ജോൺ, ജോയ്, ജൂഡ് തുടങ്ങിയവരും വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement