97ലേക്ക് നിലംപൊത്തി കോഴി വില.

Thursday 21 July 2022 12:12 AM IST

കോട്ടയം . കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകർച്ചയായ 97 ലേക്ക് നിലം പൊത്തി. ട്രോളിംഗ് നിലനിൽക്കുന്നതിനാൽ മത്സ്യവില കുതിച്ചുയരുകയാണ്. കേരളത്തിലെ കോഴിവില നിയന്ത്രിക്കുന്നത് അന്യസംസ്ഥാന ലോബിയാണ്. തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് കോട്ടയത്ത് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. ആടിമാസത്തിൽ നോൺവെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാർക്കുള്ള താത്പര്യ കുറവാണ് തമിഴ്നാട്ടിൽ നിന്ന് വൻതോതിലുള്ള കോഴിയുടെ വരവിനും വില കുത്തനെ ഇടിയാൻ കാരണമായി വ്യാപാരികൾ പറയുന്നത്. കർക്കടകമാസത്തിൽ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.

കോഴികർഷകൻ തോമസ് കുട്ടിപറയുന്നു .

കോഴിത്തീറ്റവില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലെ വില ഇടിവ് വയറ്റത്തടിക്കും. മൂന്നര കിലോ തീറ്റ കൊടുത്താലേ രണ്ടു കിലോ തൂക്കമുള്ള കോഴിയെ ലഭിക്കൂ. ഒരു കിലോ കോഴിത്തീറ്റയ്ക്ക് കിലോക്ക് 43 രൂപയാണ്. ഇറച്ചി കോഴി കുഞ്ഞിന്റെ വില ഇതിന് പുറമേയാണ്. കിലോക്ക് 100 രൂപ ഒരു കോഴിക്ക് വില ഉള്ളപ്പോൾ ഇടനിലക്കാർ കർഷകർകരിൽ നിന്ന് വാങ്ങുന്നത് 70 രൂപയ്ക്കാണ്.

ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്നവില.

ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്ന വില. ചിക്കൻ കറി, ഫ്രൈ, ഷവർമ്മ, ഷവായ് തുടങ്ങിയ വിഭവങ്ങൾക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല. കോഴിമുട്ട മൊത്തവില അഞ്ചുരൂപയിൽ താഴ്ന്നിട്ടും ഓംലറ്റ്, ബുൾസ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.

Advertisement
Advertisement