ഇന്ത്യ കണ്ടറിഞ്ഞ് മൂവർസംഘം

Thursday 21 July 2022 12:49 AM IST

മാന്നാർ : ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും നേപ്പാളിലും 42 ദിവസം കൊണ്ട് 18700 കി.മീ കാറിൽ യാത്ര ചെയ്ത് തിരികെ മാന്നാറിൽ എത്തിയ മൂവർ സംഘത്തിന് സ്വീകരണം നൽകി. മാന്നാർ കുരട്ടിശ്ശേരി പുത്തൻപുരയിൽ ഷംസ് പി.ആർ, തിരുവല്ല സ്വദേശി രാജു കോടിയാട്ട് , ചങ്ങനാശ്ശേരി പള്ളിവീട് ഷെർവിൻ അബ്ദുൽ ഗഫൂർ എന്നിവരാണ് സാഹസികയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്. ജൂൺ ഏഴിന് മാരുതിഎക്സ് എൽ 6 കാറിലാണ് സംഘം യാത്ര തിരിച്ചത്.

കോയമ്പത്തൂർ, ബംഗളൂരു വഴി റാമോജി ഫിലിം സിറ്റിയിലേക്കായിരുന്നു ആദ്യം പോയത്. ജൂൺ 14ന് യാത്രാംഗമായ രാജു കൊട്ടിയാട്ടിന്റെ മുപ്പത്തിയെട്ടാമത്‌ വിവാഹ വാർഷികം ആഘോഷിച്ചത് യാത്രയിലെ മറക്കാനാവാത്ത മധുരമായി. ഓരോ സ്ഥലത്തും അവിടുത്തെ പഴവർഗങ്ങൾ ശേഖരിച്ചും നാട്ടുകാർ സ്നേഹത്തോടെ നൽകുന്ന ഭക്ഷണങ്ങളും പാനീയങ്ങളുമൊക്കെ കഴിച്ചുമായിരുന്നു യാത്ര. ആന്ധയിലെ 43 ഡിഗ്രി ചൂടും അസാമിലെ മഴയും വെള്ളപ്പൊക്കവുമൊക്കെ വ്യത്യസ്ത അനുഭവങ്ങളായി. ഭൂട്ടാനിലേക്കും യാത്ര ചെയ്യാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും അതിർത്തിയിൽ അനുമതി നിഷേധിച്ചതോടെ അത് വിഫലമായി.

നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര ദുർഘടമായിരുന്നു. ചെന്നിത്തല സ്വദേശിയും അസാം റൈഫിൾസിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന കോശിയുടെ സഹായത്താൽ ഒരുദിവസം മിലിട്ടറി ക്യാമ്പിൽ കഴിഞ്ഞു. സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള ഹിമാചൽ പ്രദേശിൽ എത്തിയപ്പോൾ ഓക്സിജൻ പ്രശ്നം വല്ലാതെ ബുദ്ധിമുട്ടിലാക്കിയെങ്കിലും മൂന്നുപേരും യാത്ര തുടർന്നു.

ഏഴു ദിവസത്തെ അനുമതിയോടെ ഭദ്രാപൂർ വഴി നേപ്പാളിൽ പ്രവേശിച്ചപ്പോൾ ബുദ്ധക്ഷേത്രങ്ങളെപ്പറ്റി അടുത്തറിഞ്ഞു. തിരികെ ഇന്ത്യയിലെത്തി കാശ്മീരും വാഗാ അതിർത്തിയും കാർഗിലുമൊക്കെ സന്ദർശിച്ച് ഇന്നലെ വൈകിട്ട് മാന്നാറിലെത്തുമ്പോൾ സ്നേഹിതരും നാട്ടുകാരും ചേർന്ന് സ്വീകരിക്കുകയായിരുന്നു. കെബിൻ കെന്നടി, എബ്രഹാം തച്ചേരിൽ, നിയാസ് ഇസ്മായിൽ, ഹുസയിൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement