തകർന്നത് പറക്കാനുള്ള മോഹങ്ങൾ

Thursday 21 July 2022 12:00 AM IST

ഇടുക്കിയുടെ മണ്ണിൽ വിമാനം പറന്നിറങ്ങുകയെന്നത് മലയോരജനതയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മിക്കുന്ന എയർസ്ട്രിപ്പ് യാഥാർത്ഥ്യമാകുന്നതോടെ ആ ചിരകാല അഭിലാഷം പൂവണിയുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്നതിന് റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങർ എന്നിവയടക്കം 90 ശതമാനം പണികളും പൂർത്തിയായിരുന്നു. നിർമാണപ്രവർത്തികളെല്ലാം പൂർത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് വിഭാഗമായിരുന്നു. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്. കഴിഞ്ഞ വ‍ർഷം കേരളപ്പിറവിക്ക് ആദ്യ വിമാനമിറക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ചില പരിസ്ഥിതി സംഘനകളും സർക്കാർ വകുപ്പുകളും തുടക്കം മുതൽ ഇടങ്കോലിടാൻ ശ്രമിച്ചത് മൂലം പദ്ധതി വൈകി. റൺവേയുടെ നിർമാണം പൂർത്തിയായ ശേഷം ഏപ്രിലിലും ജൂണിലും രണ്ട് തവണ പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. അന്ന് കഠിനമായ മൂടൽ മഞ്ഞും റൺവേയിലെ ചെറുകുന്നുമാണ് പരീക്ഷണ പറക്കലിന് തടസമായി നിന്നത്. റൺവേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് നിരപ്പാക്കണമെന്ന വിദഗ്ദ്ധരുടെ നിർദേശത്തെ തുടർന്ന് കുന്ന് നിരപ്പാക്കുന്ന ജോലികൾ 90 ശതമാനവും പൂർത്തിയാക്കി. അപ്പോഴാണ് സ്വപ്നങ്ങൾ തകർന്ന് റൺവേയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന് പോയത്. ഞായറാഴ്ച വൈകിട്ട് 150 അടിയോളം താഴ്ചയിലാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്. ഏകദേശം 200 മീറ്ററോളം നീളത്തിലാണ് റൺവേയുടെ ഒരു ഭാഗം വീണ്ട് കീറിയത്. ശക്തമായ മഴയിൽ റൺവേയിലെത്തുന്ന വെള്ളത്തിന് പുറത്ത് പോകാനിടമില്ലാത്തതും സംരക്ഷണഭിത്തി നിർമ്മിക്കാത്തതുമാണ് മണ്ണിടിച്ചിലിന് കാരണമായത്. പി.ഡബ്ല്യു.ഡിയുടെ കനത്ത അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് നിസംശയം പറയാം. മണ്ണിടിച്ചിലിൽ ഇല്ലാതായത് ഇടുക്കിയിൽ ഉടൻ വിമാനമിറങ്ങുമെന്ന മലയോരജനതയുടെ പ്രതീക്ഷകളാണ്. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂർത്തീകരിക്കുന്നതിന് തൊട്ട് മുമ്പ് സംഭവിച്ച മണ്ണിടിച്ചിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും വൻതുക കണ്ടെത്തേണ്ടി വരും. റൺവേയുടെ പ്രദേശങ്ങളിൽ വലിയ ഉറവകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിലും മണ്ണിടിച്ചിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. സംസ്ഥാന സർക്കാർ 13 കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയത്. കഴിഞ്ഞ ദിവസം എയർസ്ട്രിപ്പ് സന്ദർശിച്ച പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ എൽ. ബീന മണ്ണിടിച്ചിലിൽ റൺവേ തകർന്നതിന്റെ നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കുമെന്ന് അറിയിച്ചു. സംരക്ഷണഭിത്തി നിർമ്മിച്ച് മഴവെള്ളം ഒഴുകി പോകാൻ സംവിധാനമൊരുക്കിയിരുന്നെങ്കിൽ റൺവേ തകരില്ലായിരുന്നു. കൂടുതൽ മണ്ണിടിയാതിരിക്കാൻ ഈ ഭാഗത്ത് ടാർപോളിൻ ഉപയോഗിച്ച് മൂടി. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്തു വകുപ്പ് ഡിസൈൻ വിഭാഗം രൂപരേഖ തയ്യാറാക്കും. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും നടത്തും. പണി പൂർത്തിയാക്കി കൈമാറുന്നതു വരെ നഷ്ടമുണ്ടായാൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. റൺവേയുടെ സംരക്ഷണത്തിനുള്ള ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൻ.സി.സി പൊതുമരാമത്ത് വകുപ്പിന് കത്തു നൽകിയിട്ടുണ്ട്. റൺവേയുടെ ഒരു ഭാഗത്തെ മൺതിട്ട നീക്കുന്ന ജോലികൾ മഴ മൂലം നിറുത്തി വച്ചിരിക്കുകയാണ്. മഴ മാറിയാലുടൻ ഈ പണികളും പുനരാരംഭിക്കും. എയർ സ്ട്രിപ്പിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ലൈൻ വലിക്കുന്ന പണികളും തുടങ്ങിയിട്ടുണ്ട്.

നേരത്തെ പെരിയാർ കടുവാ സങ്കേതത്തിന് സമീപം എയർസ്ട്രിപ്പ് നിർമ്മിക്കുന്നതിനെതിരെ തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മഞ്ജുമല വില്ലേജിൽ 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ചെറു വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലുള്ള എയർസ്ട്രിപ്പ് പെരിയാർ ടൈഗർ റിസർവിന് സമീപത്താണ് നിർമിക്കുന്നത്. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കേഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന കേരള എയർ വിംഗ് എൻ.സി.സി 200 സീനിയർ വിംഗ് കേഡറ്റുകൾക്ക് ഫ്ളൈയിംഗ് പരിശീലനവും 1800 കേഡറ്റുകൾക്ക് വിമാനങ്ങളുടെ മാതൃക നിർമ്മാണ ക്ലാസുകളും 1960 മുതൽ തിരുവനന്തപുരത്താണ് നൽകിയിരുന്നത്. 2014ൽ പറക്കൽ പരിശീലനം നിറുത്തി. തുടർന്ന് എൻ.സി.സിയുടെ ആവശ്യപ്രകാരം എയർസ്ട്രിപ്പ് നിർമ്മാണത്തിനായി സർക്കാർ ആദ്യഘട്ടത്തിൽ 12 ഏക്കർ സ്ഥലം ഇടുക്കിയിൽ അനുവദിക്കുകയായിരുന്നു. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള പരീശീലനകേന്ദ്രമാണ് ഈ എയർസ്ട്രിപ്പ്. ഇതിൽ 200 കുട്ടികൾക്ക് ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും കേരളത്തിന് തന്നെ വലിയ മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത്. ഇടുക്കിയിൽ ആദ്യമായി വിമാനമിറങ്ങുന്നത് മാത്രമല്ല സത്രം എയർസ്ട്രിപ്പിന്റെ പ്രാധാന്യം. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്‌സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും. എയർസ്ട്രിപ്പിനോടനുബന്ധിച്ച് 20 ഏക്കർ കൂടി ഏറ്റെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇവിടെ ഒരു ഹെലിപ്പാഡ് സ്ഥാപിക്കും. എന്തെങ്കിലും ദുരന്തമുണ്ടായാലോ കാട്ടുതീ കെടുത്താനോ ഹെലികോപ്ടർ ഉപയോഗിക്കാം. ശബരിമല കേന്ദ്രമാക്കി തീർത്ഥാടക ടൂറിസത്തിനും ഇത് ഉപയോഗിക്കാം.

Advertisement
Advertisement