ഹരിപ്പാട് ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ

Thursday 21 July 2022 12:38 AM IST
ഹരിപ്പാട് ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ

വാണിജ്യസമുച്ചയം ഉടൻ പ്രവർത്തനക്ഷമമാക്കും

ഹരിപ്പാട് : കെ.എസ്.ആർ.ടി.സിയുടെ ഹരിപ്പാട് ഡിപ്പോയിൽ നിന്ന് കൂടുതൽ ബസ് സർവ്വീസുകൾ നടത്താൻ തീരുമാനമായി. 26 മുതൽ ഓർഡനറി ബസുകൾ ഡിപ്പോയിലേക്ക് പ്രവേശിച്ചു തുടങ്ങുന്നതിനും ഹരിപ്പാട്ടെ കെ.എസ്.ആർ.ടി.സി വാണിജ്യസമുച്ചയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.

വാണിജ്യസമുച്ചയത്തിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നതിലുള്ള അതൃപ്തി ചെന്നിത്തല യോഗത്തിൽ അറിയിച്ചു. സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതായും കാനറാ ബാങ്കിന്റേയും കെ.എസ്..എഫ്.ഇയുടേയും ഓഫീസ് ക്രമീകരിച്ചുവരുന്നതായും കെഎസ്.ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാണിജ്യസമുച്ചയത്തിലെ ശേഷിക്കുന്ന കടമുറികളുടെ ലേലനടപടികൾ ഈ മാസം നടത്തും.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിന്റെ പ്രവർത്തനം കെ.എസ്.ആർ.ടി.സിയുടെ വാണിജ്യ സമുച്ചയത്തിലേക്ക് മാറ്റുന്നതിനുള്ള അനുമതി നൽകണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. കെ.ടി.ഡി.സിയുടെ റെസ്റ്റോറന്റ് സജ്ജീകരിക്കണമെന്ന് കെ.ടി.ഡി.സി ചെയർമാനോടും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡിപ്പോയിൽ യാർഡും റോഡും നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടും തുടർനടപടികൾ വൈകുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും രമേശ് ചെന്നിത്തല യോഗത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ സർവീസുകൾ

1.മണ്ണാറശ്ശാല - പളനി വാരാന്ത്യ സർവീസ് (ഉദ്ഘാടനം ജൂലായ് 30ന്)

2. വലിയഴീക്കൽ തോട്ടപ്പള്ളി വഴി ഇടപ്പള്ളി അമൃത ആശുപത്രി

3. കരുവാറ്റ -കുമാരകോടി-തോട്ടപ്പള്ളി, ഹരിപ്പാട് - ആയാപറമ്പ് സർവീസുകൾ വൈകുന്നേരങ്ങളിൽ

4. ഹരിപ്പാട് - ഗവി റൂട്ടിൽ ബഡ്ജറ്റ് ടൂറിസം സർവീസ്

Advertisement
Advertisement