മരുന്നിനായി നെട്ടോട്ടം

Thursday 21 July 2022 12:50 AM IST

തൃശൂർ : പനി ഉൾപ്പെടെ പലവിധ രോഗങ്ങൾ പടരുമ്പോൾ അത് നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായ മരുന്നില്ലാതെ ആരോഗ്യ വകുപ്പ് നട്ടം തിരിയുന്നു. രണ്ട് ജനറൽ ആശുപത്രികളിലും ഒരു ജില്ലാ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ലാത്ത സാഹചര്യമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച മരുന്നും കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ തള്ളി നീക്കുന്നത്. രണ്ടോ മൂന്നോ മാസത്തേക്ക് സ്‌റ്റോക്കുള്ള ആശുപത്രികളിൽ നിന്ന് വായ്പയെടുത്ത് തീരെ സ്റ്റോക്ക് ഇല്ലാത്ത ആശുപത്രികളിലേക്കെത്തിക്കാനുള്ള പരിശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

കൂടുതൽ സ്‌റ്റോക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെത്തിയാൽ തിരിച്ചുനൽകാമെന്ന കരാറിലാണ് ഇവ ശേഖരിക്കുന്നത്. ഇന്ന് മുതൽ ആ പ്രകിയ ആരംഭിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യമുള്ള മരുന്നെത്തുമെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം അറിയിച്ചിരുന്നെങ്കിലും മൂന്നാഴ്ച്ച കഴിഞ്ഞിട്ടും മരുന്നെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആഗസ്റ്റ് മാസത്തോടെയേ എത്തൂവെന്നാണ് വിലയിരുത്തൽ. അതുവരേക്കും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവിധ രോഗങ്ങൾക്കുള്ള എഴുന്നൂറോളം തരത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്യുന്നത്. കെ.എം.സി.എല്ലാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത്.


അനുവദിച്ചത് 30 കോടി


ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ 118 ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പ്രതിവർഷം 30 കോടിയുടെ മരുന്നാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ പത്ത് കോടിയിൽ താഴെ മാത്രം തുകയുടെ മരുന്നാണ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന സമയം കൂടിയാണ് മൺസൂൺ കാലം. ഓരോ വർഷവും മുപ്പത് കോടി രൂപ അനുവദിക്കാറുണ്ടെങ്കിലും ഒരിക്കലും പൂർണ്ണമായ തുകയ്ക്കുള്ള മരുന്ന് ലഭിക്കാറില്ലെന്നാണ് വിവരം.


മുൻകൂർ പണം നൽകിയിട്ടും മരുന്നില്ല


സർക്കാർ നൽകുന്ന മരുന്ന് വിതരണം കുറഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് പ്രാദേശിക പർച്ചേസ് നടത്താമെന്ന് ഉത്തരവുണ്ട്. പക്ഷേ മുൻകൂർ തുക നൽകിയിട്ടും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കാരുണ്യ വഴിയാണ് ഇത്തരം മരുന്ന് വാങ്ങൽ നടക്കുന്നത്. ഇത്തരത്തിൽ രണ്ട് വർഷത്തിനിടെ ഏഴര കോടിയോളം അടച്ചെങ്കിലും കുറച്ചുമരുന്നേ ലഭിച്ചിട്ടുള്ളൂ. കാരുണ്യയും കെ.എം.സി.എല്ലും വഴിയാണ് മരുന്നുവിതരണം.


പ്രതിസന്ധി രൂക്ഷം

ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. ഗ്യാസ് ട്രോ, പ്രമേഹത്തിനുള്ള ഇൻസുലിൻ, ഹാർട്ട് സംബന്ധമായ അസുഖത്തിനുള്ള മരുന്നുകൾ എന്നിവയുടെ ലഭ്യതയും കുറവാണ്. പനി പോലുള്ളവയ്ക്കുള്ള മരുന്നുകൾക്ക് തത്ക്കാലം പ്രതിസന്ധിയില്ല. കൂടുതൽ പേർ ചികിത്സ തേടിയെത്തുന്നതിനാൽ ഇവയുടെ ലഭ്യതയിലും ആശങ്കയുണ്ട്. ഡോക്ടർ കുറിച്ചുകൊടുക്കുന്നതിൽ പകുതി പോലും മെഡിക്കൽ കോളേജ് ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ല. ഹൃദ്രോഗികളും പക്ഷാഘാതം വന്നവരുമൊക്കെ കഴിക്കുന്ന ആസ്പിരിൻ പോലും ലഭ്യമല്ല. ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ, അപസ്മാര രോഗികൾ കഴിക്കുന്ന ഐപ്രൊയിൻ, ആന്റിബയോട്ടിക്കുകൾ, രക്തസമ്മർദത്തിന് ഉപയോഗിക്കുന്ന ടെൽമസാൻഡ് എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമമാണ്.

Advertisement
Advertisement