അപകടക്കെണിയായി കരമന - പ്രാവച്ചമ്പലം റോഡ്, മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനും വിലയില്ലത്രേ

Friday 22 July 2022 1:00 AM IST

തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ കരമന - പ്രാവച്ചമ്പലം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. രാത്രിയിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടിയെങ്കിലും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് പ്രധാന കാരണം.കാൽനടക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ കാൽനടക്കാരെ ഇടിച്ചിടുന്നത് പതിവാണ്. ഒരു മാസത്തിനിടെ കരമന -പ്രാവച്ചമ്പലം റോഡിൽ മാത്രം ഇരുപതിലേറെ വാഹനാപകട കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് നേമം പൊലീസ് പറഞ്ഞു. കഴി‌ഞ്ഞ അഞ്ച് വർഷത്തിനിടെ 200ലേറെ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാതെ പോകുന്ന കേസുകളുടെ എണ്ണം ഇരട്ടിയിലേറെ വരും. ഹൈവേ വികസനത്തിന്റെ രണ്ടാം ഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ഭാഗത്ത് വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ അപകടനിരക്ക് കുറവാണ്. എന്നാൽ ഒന്നാംഘട്ട വികസനം നടന്ന ഭാഗങ്ങളിലാണ് ആവശ്യത്തിന് വെളിച്ചമില്ലാത്തത്. ഹൈവേ വികസനത്തിന് മുൻപുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് പലയിടത്തും ഇപ്പോഴുമുള്ളത്.

നിലവിൽ ദേശീയപാതയുടെ അവസ്ഥ

കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്ത് ഡിവൈഡറിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. ഡിവൈഡർ പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാറില്ല. ചെടികൾ വളർന്ന് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ. അതേസമയം,പ്രാവച്ചമ്പലം - ബാലരാമപുരം റോഡിലെ ഡിവൈഡർ ചെടി നട്ട് വൃത്തിയായി പരിപാലിക്കുന്നുമുണ്ട്.

Advertisement
Advertisement