ബഡ്സ് സ്കൂളുകളിൽ 'കൃഷി തെറാപ്പി "

Friday 22 July 2022 12:57 AM IST

പദ്ധതി നടത്തുന്നത് കുടുംബശ്രീ

ആലപ്പുഴ : ബഡ്സ് സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാനസിക - ശാരീരിക ഉന്മേഷം പകരാനുള്ള കുടുംബശ്രീയുടെ ബഡ്സ് അഗ്രി തെറാപ്പി ജില്ലയിൽ വിജയകരമായി മുന്നേറുന്നു. 21 സ്കൂളുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായത്. സാധാരണ വിദ്യാലയങ്ങളിൽ കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ് പദ്ധതികൾ നടപ്പിലാക്കുന്നതെങ്കിൽ, ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൃഷി തന്നെയൊരു തെറാപ്പി (ചികിത്സ) ആയി മാറും. കൂടുതൽ സമയം കാർഷിക കാര്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളിൽ മികച്ച മാറ്റങ്ങൾ പ്രകടമാകുന്നുണ്ടെന്നാണ് കുടുംബശ്രീയുടെ വിലയിരുത്തൽ. കുട്ടികൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ അവരുടെ തന്നെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അധികമായി വരുന്വന വില്പന നടത്തുന്നതിനും തടസമില്ല. മാരാരിക്കുളത്തെ ബഡ്സ് സ്കൂളിൽ വിളവെടുത്ത കാന്താരിക്ക് മികച്ച വിപണി ലഭിച്ചിരുന്നു. പൂർണമായും ജൈവ കൃഷിയാണ് അഗ്രിതെറാപ്പിയുടെ ഭാഗമായി നടത്തുന്നത്. പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രതിവർഷം 5000 രൂപയാണ് കുടുംബശ്രീയുടെ ഗ്രാന്റ്. ഇത് നൽകുന്നത് പണമായിട്ടല്ല. വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയായാണ് നൽകുന്നത്.

പോസിറ്റീവ് എനർജി

കൃഷിയിലേക്കിറങ്ങിയതോടെ, കൂടുതൽ സമയം അടങ്ങിയിരിക്കാൻ മടിയുള്ള പല കുട്ടികളുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായതായി സ്കൂൾ അധികൃതർ പറയുന്നു. കൃഷിയോട് താത്പര്യം പ്രകടിപ്പിക്കുന്ന നിരവധി കുട്ടികളാണ് ബഡ്സ് സ്കൂളുകളിലുള്ളത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഇതേ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും. സ്കൂൾ അധികൃതർക്കൊപ്പം കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ പിന്തുണയും കുട്ടികൾക്ക് കൃഷിയിൽ ലഭിക്കും. ബ്ലോക്ക് കോ ഓർഡിനേറ്റർമാരാണ് എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നത്.

21 : ജില്ലയിൽ അഗ്രി തെറാപ്പി നടക്കുന്ന സ്കൂളുകൾ

ഉച്ചഭക്ഷണതിനും വില്പനക്കും

 വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന്

 അധികമായി ലഭിക്കുന്നവ വിപണിയിൽ വിൽക്കും

 വിറ്റ് കിട്ടുന്ന തുക സ്കൂൾ അവശ്യങ്ങൾക്ക് വിനിയോഗിക്കും

കൃഷിയെന്നതിലുപരി ഒരു തെറാപ്പിയുടെ ഫലമാണ് പദ്ധതി വഴി കുട്ടികൾക്ക് ലഭിക്കുന്നത്. അവരെ കൂടുതൽ സമയം വിവിധ പ്രവൃത്തികളിൽ വ്യാപൃതരാക്കാൻ സാധിക്കും. പദ്ധതി ആരംഭിച്ചതോടെയാണ് പലരും കൃഷിയിൽ അതീവ താൽപര്യമുള്ളവരാണെന്ന് വ്യക്തമായത്

- പ്രശാന്ത് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ

Advertisement
Advertisement