നോട്ടീസ് ലഭിച്ച മടപ്പുരയിൽ പി.കെ കൃഷ്ണദാസിന്റെ സന്ദർശനം ഇടപെടൽ നടത്തുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ

Thursday 21 July 2022 9:41 PM IST
പി.കെ കൃഷ്ണദാസ് പഴയങ്ങാടി റയിൽവേ മുത്തപ്പൻ മടപ്പുര സന്ദർശിച്ചപ്പോൾ.

പഴയങ്ങാടി: ഒഴിഞ്ഞുകൊടുക്കാൻ നോട്ടീസ് ലഭിച്ച പഴയങ്ങാടി ശ്രീമുത്തപ്പൻ മടപ്പുരയിൽ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റിസ് കമ്മറ്റി ദേശീയ ചെയർമാനും ബി.ജെ.പി ദേശിയ സമതി അംഗവുമായ പി.കെ കൃഷ്‌ണദാസിന്റെ സന്ദർശനം. മംഗളൂരു തൊട്ട് വടകര വരെയുള്ള ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളിലും ആരാധിക്കപ്പെടുന്ന മലബാറുകാരുടെ ഇഷ്ടദൈവമായ മുത്തപ്പന്റെ ക്ഷേത്രത്തിനെതിരെയുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കൃഷ്ണദാസിന്റെ സംരക്ഷണം.

മുത്തപ്പൻ മടപ്പുര ഭക്തജനങ്ങൾക്ക് പ്രാർത്ഥന നടത്താനും ആചാരങ്ങൾ നടത്തുവാനും നടപടി സ്വീകരിക്കാൻ മന്ത്രിതലത്തിൽ ഇടപെടുമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.പതിറ്റാണ്ടുകളായി ആരാധന നടത്തുന്ന മുത്തപ്പൻ മടപ്പുര റെയിൽവേയുടെ കീഴിൽ തന്നെ തുടരുന്നതിന് ആവശ്യമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സ്റ്റേഷൻ മാസ്റ്റർ ഷിൽനയുമായി കൃഷ്ണദാസ് മുത്തപ്പൻ മടപ്പുര സംബന്ധിച്ചുള്ള കാര്യങ്ങളും ട്രെയിനുകൾ നിർത്തലാക്കിയ കാര്യവും ചോദിച്ചറിഞ്ഞു.

മുത്തപ്പൻ മടപ്പുര കൈകാര്യം ചെയുന്ന കമ്മറ്റി മടപ്പുര നിലനിർത്തണം എന്നാവശ്യപ്പെട്ട് കൃഷ്ണദാസിന് നിവേദനം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്,കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി.സുമേഷ്,മാടായി മണ്ഡലം പ്രസിഡന്റ് റിനോയി ഫിലിക്സ്,എ.കെ.ഗോവിന്ദൻ,കെ.സജീവൻ,മോഹനൻ കുഞ്ഞിമംഗലം,വടക്കൻ മോഹനൻ,കെ.ജയൻ,കെ.ബി. സുനിൽദത്ത് എന്നിവരും കൃഷ്‌ണദാസിനോട് ഒപ്പം ഉണ്ടായിരുന്നു.

Advertisement
Advertisement