പുഴവെള്ളം കുടിച്ച മുഖ്യമന്ത്രി മാൻ ആശുപത്രിയിലായി

Thursday 21 July 2022 10:10 PM IST

ഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ വയറുവേദനയെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലായ് 17നാണ് കാളി ബൈൻ പുഴ വൃത്തിയാക്കലിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ രാജ്യസഭാ എം.പിയും പരിസ്ഥിതി പ്രവ‌ർത്തകനുമായ ബാബ ബൽബീർ ക്ഷണിച്ചത്. അവിടെയെത്തിയ മുഖ്യമന്ത്രി പുഴയിൽ നിന്ന് ഗ്ളാസിൽ എടുത്ത് നൽകിയ വെള്ളം കുടിക്കുകയായിരുന്നു. ശുദ്ധജലം എന്ന നിലയിൽ വൈമുഖ്യം കാട്ടാതെ അദ്ദേഹം അത് കുടിക്കുകയും ചെയ്തു. പുഴ വെള്ളത്തിന്റെ ശുദ്ധി തെളിയിക്കാൻ ചെയ്ത പ്രവൃത്തിയെ ചുറ്റും നിന്നവർ കൈയടിച്ചു അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ഈ പുഴയിലേക്കാണെന്നും മലിനജലം ഉള്ളിൽ ചെന്നതാണ് ആരോഗ്യ പ്രശ്നം ഉണ്ടാക്കിയതെന്നതുമാണ് അറിയുന്നത്.

എന്നാൽ, പാ‌‌ർട്ടി നേതാക്കൾ ഇത് നിഷേധിച്ചു. സാധാരണയുള്ള ചെക്കപ്പിന് വേണ്ടിയാണ് ആശുപത്രി സന്ദർശനമെന്നും അദ്ദേഹം ആശുപത്രി വിട്ടതായും അവർ അറിയിച്ചു. മുഖ്യമന്ത്രി പുഴയിൽ നിന്ന് വെള്ളം കുടിക്കുന്ന വീ‌ഡിയോ ആം ആദ്മി പാർട്ടി ട്വിറ്ററിൽ പങ്കുവച്ചതിൽ ഭഗവന്ത് മാൻ ഗ്ളാസിൽ പുഴയിലെ വെള്ളം കുടിക്കുന്നത് കാണാം. കഴിഞ്ഞ ‌ഞായറാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Advertisement
Advertisement