കാണാതെ പോകരുത് ഈ ചതിക്കുഴികൾ

Friday 22 July 2022 12:00 AM IST

വെബ് സീരീസുകൾക്കും ഒാൺലൈൻ ഗെയിമുകൾക്കും പുറമേ സമൂഹ മാദ്ധ്യമങ്ങളിലെ സൗഹൃദക്കുരുക്കുകളിലേക്കും വീണുതുടങ്ങിയിരിക്കുന്നു നമ്മുടെ പിഞ്ചുബാല്യങ്ങൾ. കുരുക്കിലാകുന്ന കുട്ടികളെ ചൂഷണം ചെയ്യുകയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചില വിരുതന്മാർ. കണ്ണൂരിൽ അഞ്ചാംക്ളാസുകാരി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ പ്ലസ് വൺകാരന്റെ കൂടെപ്പോയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് അടുത്തിടെയാണ്.

നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടിയെ ഏറെനേരത്തെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്തിനൊപ്പം സിനിമാ തീയറ്ററിൽനിന്ന് കണ്ടെത്തിയത്. പനിയായതിനാൽ താൻ അവധിയായിരിക്കുമെന്ന് അമ്മയുടെ ഫോണിൽ നിന്ന് കുട്ടി അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചിരുന്നു. രക്ഷിതാക്കൾ കണ്ടു പിടിക്കാതിരിക്കാൻ അദ്ധ്യാപിക തിരിച്ചയച്ച മെസേജ് ഉൾപ്പടെ ഡിലീറ്റ് ചെയ്‌തു. പിറ്റേദിവസം പതിവുപോലെ സ്കൂൾ ബസ്സിൽ സ്കൂളിലേക്ക് പോയെങ്കിലും സ്കൂളിന് മുന്നിലിറങ്ങി 16 കാരനോടൊപ്പം സിനിമയ്ക്ക് പോവുകയായിയിരുന്നു. സ്കൂൾ ബസ്സിൽ നിന്നിറങ്ങുന്നത് സഹപാഠിയായ മറ്റൊരു കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. തിരുവനന്തപുരത്ത് നിന്നും ഈ പ്ളസ് ടു വിദ്യാർത്ഥിയായ ആൺകുട്ടി കണ്ണൂരിലെത്തിയത് വളർത്തുമുയലിനെ വിറ്റുകിട്ടിയ കാശുകൊണ്ടാണ്.

സമാന സംഭവം പാലക്കാടുമുണ്ടായി. സ്ഥിരമായി യാത്രചെയ്യാറുള്ള ബസ്സിലെ 35 കാരനായ ഡ്രൈവറുടെ കൂടെയാണ് പത്താം ക്ലാസുകാരി പോയത്. പെൺകുട്ടി ബസ്സ് ഡ്രൈവറെ വിളിച്ചിരുന്നത് അമ്മയുടെ ഫോണിൽ നിന്നാണ് . മകളുടെ സ്വഭാവത്തിലും പെരുമാ​റ്റത്തിലും സംശയം തോന്നിയ അമ്മ ഫോണിൽ റെക്കോർഡിംഗ് ഓപ്ഷൻ ഓൺ ചെയ്‌തപ്പോഴാണ് ഇരുവരും നാടുവിടാനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞത്.

ബസ് ഡ്രൈവറുടെ ഫോണിലേക്കായിരുന്നു പെൺകുട്ടിയെ കാണുന്നില്ലെന്ന് അറിഞ്ഞ് അമ്മ ആദ്യം വിളിച്ചത്. ഡ്രൈവർ പെൺകുട്ടിയുടെ അമ്മയുടെ കാൾ എടുത്ത് നിങ്ങളുടെ മകൾ എന്റെ കൈയ്യിൽ സെയ്ഫ് ആയിരിക്കുമെന്ന് പറഞ്ഞ് ഫോൺ ഓഫ് ചെയ്തു വെയ്ക്കുകയായിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു ഈ സംഭവങ്ങൾ. ചതിക്കുഴികളെക്കുറിച്ച് ദിനംപ്രതി വാർത്തകൾ നിറയുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതാണ് ഗുരുതരമായ സാഹചര്യം.

മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഇവയുടെ അമിത ഉപയോഗത്തെക്കുറിച്ചും അവ യുക്തിപൂർവം ഉപയോഗിക്കേണ്ടതിനെക്കുറിച്ചുമുള്ള നിരന്തര ബോധവത്കരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത് . വളരെ ചെറിയ കുട്ടികൾ പോലും ഫേസ് ബുക്ക് ,വാട്സ് ആപ്പ് ,ഇൻസ്റ്റഗ്രാം എന്നിവയിൽ അക്കൗണ്ടുള്ളവരാണ്. എന്നാൽ കുട്ടികൾക്ക് ഇത്തരം സമൂഹമാദ്ധ്യമങ്ങളുടെ ആവശ്യമുണ്ടോ എന്ന് രക്ഷിതാക്കൾ ചിന്തിക്കണം. കുട്ടി കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നത് നിയന്ത്രിക്കണം. കുട്ടികളെ പ്രകോപിതരാക്കാത്ത വിധം ബുദ്ധിപൂർവം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഒാൺലൈൻ ക്ലാസിന് വേണ്ടി മൊബൈൽ ഫോൺ സ്വന്തമാക്കിയവരാണ് ഇന്നത്തെ ഭൂരിഭാഗം കുട്ടികളും. എന്നാൽ ഈ ഫോൺ ഉപയോഗിച്ച് ഒാൺലൈൻ ഗെയിം കളിച്ചും അനാവശ്യമായ ആപ്പുകൾ ഡൗൺ ലോഡ് ചെയ്തും രക്ഷിതാക്കളുടെ അക്കൗണ്ടിലെ ലക്ഷങ്ങൾ നഷ്ട്ടപ്പെട്ട സംഭവങ്ങളും നാം അറിഞ്ഞു.

ഇതുകൊണ്ടു തന്നെ കുട്ടികളെ കൃത്യമായി ശ്രദ്ധിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം. കുട്ടികളുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും രാത്രി ഏറെ വൈകി ഉറങ്ങുന്നതും ആളുകളിൽനിന്നും ഉൾവലിയുന്നതുമെല്ലാം രക്ഷിതാക്കൾ ഗൗരവത്തോടെ കാണണം. കുട്ടികൾക്കായി കൃത്യമായ ഇടവേളകളിൽ സ്കൂളുകളിലും ബോധവത്‌കരണം സംഘടിപ്പിക്കേണ്ടതുണ്ട്. അപരിചിതരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കുക.

അമിത ഉപയോഗം ,

ആരോഗ്യ പ്രശ്നങ്ങൾ

മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്നുണ്ട്. കാഴ്ചത്തകരാർ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്,​ ഇന്റർനെറ്റ്- മൊബൈൽ അടിമത്തം, പ്രതിരോധശേഷി കുറയൽ എന്നിവയാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ.

അപസ്മാരമുള്ളവർ തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗത്തിന്റെ കാഠിന്യം കൂടാം. മൊബൈൽ ഫോണിൽ ഏറെ നേരം ചിലവഴിക്കുന്ന കുട്ടികളിൽ ഒാർമ്മക്കുറവ്, ഉറക്കമില്ലായ്മ, പഠനത്തിൽ പിന്നാക്കം തുടങ്ങിയ അവസ്ഥകൾ ധാരാളമായി കണ്ടു വരുന്നുണ്ട്.

Advertisement
Advertisement