നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും; കാവ്യ പ്രതിയാകില്ല, ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം അന്വേഷണ സംഘം ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസിൽ കാവ്യ മാധവനെതിരെ തെളിവില്ലെന്നും പ്രതിചേർക്കാൻ കഴിയില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
കാവ്യ മാധവനും മഞ്ജുവാര്യരും സാക്ഷികളാകും. ദിലീപിന്റെ സുഹൃത്തായ, ആലുവയിലെ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമ ശരത് ജി. നായർ മാത്രമാണ് പുതിയ പ്രതി. 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളാണ് ഉള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് പ്രധാന സാക്ഷി.
കേസിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തി. തന്റെ കൈയിലുള്ള ദൃശ്യങ്ങൾ ദിലീപ് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ഡിസംബർ 25 ന് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വഴിതുറന്നത്.
ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എ.ടി.എസ് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ 15 അംഗസംഘമാണ് തുടരന്വേഷണം നടത്തിയത്.