'അന്വേഷണ സംഘം നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി തരുന്നുണ്ടോ?' അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

Friday 22 July 2022 12:27 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു. അന്വേഷണസംഘം വിവരങ്ങള്‍ നിങ്ങൾക്ക് ചോര്‍ത്തുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത മറുപടി നൽകിയതിനെ തുടർന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്.

കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽ നിന്നു പിൻമാറണോയെന്ന് തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു. ഹർജിയിൽനിന്ന് പിൻമാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പും കോടതി നൽകി. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമർശനം ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ദിലീപിനെ കക്ഷി ചേർക്കുന്നതിനെ അതിജീവിത എതിർത്തിരുന്നു. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ എന്തിന് എതിർക്കണമെന്നു കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിനെ കക്ഷി ചേർത്തിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.