മൂന്നരപതിറ്റാണ്ടിന്റെ സാരഥ്യം, ജോർജ് കാപ്പൻ പടിയിറങ്ങുന്നു.

Saturday 23 July 2022 12:00 AM IST

പാലാ. കിഴതടിയൂർ സഹകരണ ബാങ്കിനെ കേരളത്തിലെ നമ്പർ വൺ ബാങ്കുകളിൽ ഒന്നാക്കി മാറ്റിയ അഡ്വ.ജോർജ് സി കാപ്പൻ പടിയിറങ്ങുന്നു. ബാങ്കിന്റെ ഇന്നുള്ള നേട്ടങ്ങൾക്കെല്ലാം കാപ്പന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
നീണ്ട മൂന്നരപതിറ്റാണ്ടാണ് ഇദ്ദേഹം ബാങ്കിനെ നയിച്ചത്.
''പുതിയ തലമുറയ്ക്കായി വഴിമാറുകയാണ്. പ്രായം 78 കഴിഞ്ഞു. വിവിധ രോഗങ്ങളുമുണ്ട്. ഇനിയും തുടരുന്നത് ശരിയല്ലായെന്ന് തോന്നി. അതുകൊണ്ട് പുതുതലമുറയിലെ കഴിവുള്ളവർക്കായി സ്ഥാനമൊഴിയുന്നത്.- 'ജോർജ് സി കാപ്പൻ പറഞ്ഞു. 1986 ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം മൂന്നുമാസം മാത്രമാണ് മാറിനിന്നത്. 1.8 കോടി മാത്രം നിക്ഷേപമുണ്ടായിരുന്ന കിഴതടിയൂർ ബാങ്കിനെ ഇരുനൂറ് ഇരട്ടിയിൽപ്പരം നിക്ഷേപമുള്ള കേന്ദ്രമായി മാറ്റിയശേഷമാണ് കാപ്പന്റെ വിരമിക്കൽ.

കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഇന്നൊരു മഹാപ്രസ്ഥാനമാണ്. അറുനൂറിൽപരം ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനം. ഡയഗ്‌നോസ്റ്റിക് സെന്ററുകൾ, ക്ലിനിക്കൽ ലബോറട്ടറികൾ, മെഡിക്കൽ ഷോപ്പുകൾ, ആംബുലൻസ് സർവീസുകൾ, ബ്ലഡ്ബാങ്ക്, ഫിഷ്‌മാർട്ട്, വസ്ത്ര വ്യാപാരശാല തുടങ്ങി മണ്ണ്‌,വെള്ളം പരിശോധനകേന്ദ്രം, പാലിയേറ്റീവ് ആന്റ് സോഷ്യൽ സർവീസ് സൊസൈറ്റി, ലൈബ്രറി, മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സഫലം , ഫർണിച്ചർ കടകൾ, ഡയറി ഫാം, കണ്ണാടിക്കട, സ്വന്തമായി മാസിക എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഇന്ന് കിഴതടിയൂർ ബാങ്കിന് സ്വന്തമാണ്.

മുൻ എം.പി. ചെറിയാൻ ജെ. കാപ്പന്റെ മകനാണ് ജോർജ് സി കാപ്പൻ. മാണി സി കാപ്പൻ എം.എൽ.എ. സഹോദരനും.

ഭാര്യ റോസമ്മ പാലാ എ.ഡി. ബാങ്കിന്റെ സെക്രട്ടറിയായി വിരമിച്ചു. തമിഴ്‌നാട്ടിൽ കർഷകനായ സുനിൽ ജി. കാപ്പനും എറണാകുളത്ത് സി.എ. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മനു ജി.കാപ്പനുമാണ് മക്കൾ.

Advertisement
Advertisement