പച്ചക്കറി വാങ്ങിയവർ സ്റ്റാൻഡ് വിട്ടുപോകണം!

Saturday 23 July 2022 12:52 AM IST

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഓണത്തിന് പച്ചക്കറിച്ചന്ത

ആലപ്പുഴ: കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡുകളി​ൽ ഇത്തവണത്തെ ഓണം പൊടിപൊടിക്കും. ഓണത്തോടനുബന്ധിച്ച് നാട്ടിലെങ്ങും തലപൊക്കുന്ന പച്ചക്കറി ചന്തകൾക്കു സമാനമായി സ്റ്റാൻഡുകളിലും ഓണച്ചന്ത ആരംഭിച്ച് ടിക്കേറ്റതര വരുമാനം കൂട്ടാനുള്ള യത്നത്തിലാണ് ആനവണ്ടിയുടെ ആൾക്കാർ!

വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓണച്ചന്തകളാണ് തിരിച്ചു വരുന്നത്. മുമ്പ് കോ - ഓപ്പറേറ്റീവ് സൊസൈറ്റികൾ ബസ് ഡിപ്പോകളിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന താത്കാലിക ചന്തകൾ ഒരുക്കിയിരുന്നു. കൂടുതൽ യാത്രക്കാർ എത്തുന്ന സ്ഥലമെന്നതിനാൽ മികച്ച വിപണിയും ലഭിച്ചിരുന്നു. ചന്തകൾ നടത്താൻ താത്പര്യമുള്ള സ്വകാര്യ വ്യക്തികൾക്കും അപേക്ഷ നൽകാം. പ്രതിദിന വാടക ഉൾപ്പെടെ വ്യക്തമാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികളും സ്റ്റാളുകളുമാണ് വിട്ടുകൊടുക്കുക. ആലപ്പുഴ ഉൾപ്പെടെ ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഒന്നോ രണ്ട് മുറികൾ വീതം ഒഴിഞ്ഞുകിടപ്പുണ്ട്.

വ്യാപാരികൾ കച്ചവട സാദ്ധ്യത മനസിലാക്കിയാവും ഡിപ്പോകളും മുറികളും തിരഞ്ഞെടുക്കുക. അപേക്ഷകരിൽ നിന്ന് വാടകത്തുക ഉൾപ്പെടെ പ്രെപ്പോസൽ വാങ്ങി കോർപ്പറേഷന്റെ എസ്റ്റേറ്റ് ഓഫീസർക്ക് സമർപ്പിക്കേണ്ട ചുമതല അതത് സ്റ്റേഷൻ ഓഫീസർമാർക്കാണ്. ഓണച്ചന്ത നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാൻ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്മാരുടെ സേവനം ഉപയോഗപ്പെടുത്തും. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച ബഡ്ജറ്റ് ടൂറിസം ഹിറ്റായതിന് പിന്നാലെയാണ് ഓണം സീസൺ ലക്ഷ്യമിട്ടുള്ള പദ്ധതി.

വിജയിക്കാൻ സാദ്ധ്യതയേറെ

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഓണച്ചന്തകൾ വന്നാൽ, ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസമാകും. ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടുന്ന സ്ഥലമെന്ന പ്രയോജനം കച്ചവടക്കാർക്കും ലഭിക്കും. കൂടുതൽ പേർ ഒരേമുറി ആവശ്യപ്പെട്ടാൽ വാടക കൂടുതൽ നൽകുന്നവർക്ക് കൈമാറും. ആളുകളുടെ ശ്രദ്ധ ലഭിക്കുന്ന മുറിയോ സ്റ്റാളോ ലഭിക്കുന്നതിനാവും കച്ചവടക്കാർ പ്രെപ്പോസലിൽ പ്രാധാന്യം നൽകുക. സീസൺ വിപണി മാത്രം ലക്ഷ്യമിട്ട് കച്ചവടം നടത്തുന്നവർക്കും മികച്ച അവസരമായിരിക്കും ബസ് സ്റ്റേഷനിലെ ചന്ത.

മുൻ കാലങ്ങളിൽ ഡ‌ിപ്പോകളിൽ ഓണച്ചന്ത നടത്തുന്ന പതിവുണ്ടായിരുന്നു. കാലക്രമേണ അത് നിലച്ചു. വീണ്ടും കച്ചവടത്തിന് വേണ്ടി ആളുകൾ വരികയാണെങ്കിൽ, അവർക്കും കെ.എസ്.ആർ.ടി.സിക്കും ഒരുപോലെ നേട്ടമാണ്. എല്ലാ ഡിപ്പോകളിലും ആവശ്യത്തിന് സ്ഥലമുണ്ട്

അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ

Advertisement
Advertisement