അരുണ ആസഫ് അലി 1909-1996

Saturday 23 July 2022 12:15 AM IST

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മെെതാനിയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വിപ്ലവകാരി. 1909 ജൂലായ് 16 ന് പഞ്ചാബിലെ കൽക്കയിൽ ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ജനനം. ഭഗത് സിങ്ങിന്റെ അഭിഭാഷകനായിരുന്ന ആസഫ് അലിയെ വിവാഹം കഴിച്ചതോടെ കോൺഗ്രസിൽ ചുവടുറപ്പിച്ചു. ഉപ്പുസത്യാഗ്രഹ വേളയിൽ അറസ്റ്റ് വരിച്ചു.1931 ലെ ഗാന്ധി-ഇർവിൻ ഉടമ്പടിക്ക് ശേഷം എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചപ്പോഴും അവർ ജയിലിൽ തുടർന്നു. 1932 ൽ തിഹാർ ജയിലിലെ രാഷ്ട്രീയ തടവുകാരോടുള്ള നിസ്സംഗതയിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തി വിജയംകണ്ടു. ഇന്ത്യൻ ചരിത്രകാരന്മാർ അരുണയെ ഗ്രാൻഡ് ഒാൾഡ് ലേഡി എന്ന് വിളിക്കുന്നു.

1948-ൽ അരുണ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1950-കളുടെ തുടക്കത്തിൽ, അവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ അംഗമായി.1954ൽ സി.പി.എെയുടെ നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ രൂപികരിക്കാൻ നേതൃത്വം നൽകി. 1956ൽ സോവിയറ്റ് യൂണിയനിൽ സ്റ്റാലിനെ ക്രൂഷ്ചേവ് അപലപിച്ചതിനെത്തുടർന്ന് പാർട്ടിവിട്ടു. സ്വാതന്ത്ര്യാനന്തരം സ്ത്രീശാക്തീകരണം, തൊഴിലാളി പ്രസ്ഥാനങ്ങൾ എന്നിവയ്‌ക്കുവേണ്ടി പ്രവർത്തിച്ചു.1958ൽ ഡൽഹിയുടെ ആദ്യ വനിതാ മേയറായി. 1964-ൽ അന്താരാഷ്ട്ര ലെനിൻ സമാധാന സമ്മാനം ലഭിച്ചു. 1992-ൽ പത്മവിഭൂഷണും 1997ൽ ഭാരതരത്‌നയും നല്കി രാജ്യം അരുണ ആസഫ് അലിയെ ആദരിച്ചു.1996 ജൂലൈ 29 ന് ന്യൂഡൽഹിയിൽ അന്തരിച്ചു. 1998ൽ അവരുടെ സ്മരണയ്ക്കായി രാജ്യം സ്റ്റാമ്പ് പുറത്തിറക്കി.

Advertisement
Advertisement