ധാന്യക്കയറ്റുമതി : കരാറിലൊപ്പിട്ട് യുക്രെയിനും റഷ്യയും

Saturday 23 July 2022 3:43 AM IST

ഇസ്താംബുൾ : യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും ( യു.എൻ ) തുർക്കിയെയുമായുള്ള സുപ്രധാന കരാറിൽ ഒപ്പുവച്ച് റഷ്യയും യുക്രെയിനും. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവും യുക്രെയിൻ അടിസ്ഥാന വികസനകാര്യ മന്ത്രി ഒലെക്സാണ്ടർ കുബ്രകൊവുമാണ് യുഎന്നും തുർക്കിയെയുമായി ഒരു പോലെയുള്ള രണ്ട് പ്രത്യേക കരാറുകളിലൊപ്പിട്ടത്. റഷ്യയിൽ നിന്നുള്ള ധാന്യങ്ങളും വളങ്ങളും കരിങ്കടലിലൂടെ കയറ്റുമതി ചെയ്യും.

ഇതോടെ കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കും. ഓഗസ്റ്റ് പകുതിയോടെ ധാന്യക്കയറ്റുമതി പൂർണതോതിൽ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഒഡേസയിലേത് ഉൾപ്പെടെയുള്ള മൂന്ന് തുറമുഖങ്ങളിൽ നിന്ന് യുക്രെയിന്റെ കപ്പലുകളെ കടത്തിവിടാൻ കരാറിൽ ധാരണയായി.

കപ്പലുകൾക്ക് നേരെ ആക്രമണം നടത്തില്ലെന്നും യുക്രെയിനും റഷ്യയും ധാരണയായി. ധാന്യക്കയറ്റുമതിയ്ക്ക് മേൽനോട്ടം വഹിക്കാൻ ഇസ്താംബുളിൽ ഒരു സംയുക്ത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് രൂപം നൽകും. കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടതിന് പിന്നാലെ അന്താരാഷ്ട്ര മാർക്കറ്റിൽ ഗോതമ്പിന്റെ വില കുറഞ്ഞു.

Advertisement
Advertisement