മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും
എം.ടിയുടെ തിരക്കഥയിൽ കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്
എം.ടി. വാസുദേവൻനായരുടെ ചെറുകഥകൾ കോർത്തിണക്കുന്ന ആന്തോളജിയിൽ കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യും. മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പഴശ്ശിരാജയ്ക്കു ശേഷം എം.ടി. തിരക്കഥയിൽ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. പുത്തൻപണത്തിനുശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്നു. ഔദ്യോഗിക ആവശ്യത്തിന് ശ്രീലങ്കയിലേക്കു പോവേണ്ടിവരുന്ന വേണുഗോപാൽ എന്ന വ്യക്തി തന്റെ പഴയ ഓർമ്മകളെ പൊടിത്തട്ടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 'നിന്റെ ഓർമ്മയ്ക്ക്" എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം.ടി എഴുതിയ ചെറുകഥ കൂടിയാണ്. എം.ടിയുടെ ആത്മകഥാംശം ഉള്ള ചെറുകഥ എന്ന പ്രത്യേകതയുണ്ട്. ശ്രീലങ്കയിൽ ജോലി ചെയ് തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് കടുഗണ്ണാവ എന്ന ചെറുകഥയിൽ എം.ടി വിവരിക്കുന്നത്. എം.ടിയുടെ മകൾ അശ്വതി വി. നായർ ആണ് ആന്തോളജി നിർമ്മിക്കുന്നത്. എം.ടിയുടെ തിരക്കഥയിൽ ഈ ആന്തോളജിയിലേക്ക് ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. ബ്ളാക്ക്, പ്രജാപതി, കൈയൊപ്പ്, കേരള കഫേ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റ് , കടൽ കടന്നൊരു മാത്തുക്കുട്ടി എന്നിവയാണ് മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടുകളിൽ പിറന്ന മറ്റു ചിത്രങ്ങൾ.