ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: ചെന്നിത്തല

Sunday 24 July 2022 12:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി. ഭരണസംവിധാനവും, പ്രതിപക്ഷ പാർട്ടികളും 2018ലെ മഹാപ്രളയ ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് രഹസ്യമായി 3 ബ്രൂവറികൾക്കും, ഒരു ഡിസ്റ്റിലറിക്കും സർക്കാർ ലൈസൻസ് അനുവദിച്ചത്. ബ്രൂവറി- ഡിസ്റ്റിലറികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കടകവിരുദ്ധമായും, സർക്കാരിന്റെ മദ്യനയം അട്ടിമറിച്ചുമായിരുന്നു നടപടി. പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോൾ തീരുമാനം സർക്കാർ റദ്ദാക്കിയെങ്കിലും,താൻ നൽകിയ വിജിലൻസ് കേസ് ഇപ്പോഴും കോടതിയിലാണ്. ഇതിനിടെ ആരോപണവിധേയരായ കമ്പനികൾക്ക് വീണ്ടും ലൈസൻസ് അനുവദിക്കാനുള്ള നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. നിലവിലുള്ള ഡിസ്റ്റിലറികളുടെ പ്രവർത്തനവും ഉല്പാദനവും പൂർണ്ണതോതിലായാൽ അന്യസംസ്ഥാന മദ്യക്കമ്പനികളെയും ലോബികളെയും ആശ്രയിക്കേണ്ടിവരില്ല. അതീവ വരൾച്ചാ സാദ്ധ്യതയുള്ള പാലക്കാട് ഒരു വർഷം അഞ്ചു കോടി ലിറ്റർ ഭൂഗർഭജലം ഉപയോഗിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നത് ആവാസവ്യവസ്ഥയെ തകിടം മറിക്കും, ജനജീവിതം ദുസ്സഹമാക്കും. പ്ലാച്ചിമട സമരത്തെ പിന്തുണച്ച പാർട്ടിയും, മുന്നണിയും നയിക്കുന്ന സർക്കാർ ജനവിരുദ്ധസമീപനം സ്വീകരിക്കുന്നത് ജനങ്ങളെ അപഹസിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.