യു.ഡി.എഫ് വിപുലീകരിക്കും: കോൺഗ്രസ് വിട്ടവരെ തിരികെ കൊണ്ടുവരും

Monday 25 July 2022 12:24 AM IST

കോഴിക്കോട്: മോദി- പിണറായി സർക്കാരുകൾക്ക് ഒരേ സ്വരമാണെന്നും, ഇരു കൂട്ടരെയും ഒരു പോലെ എതിർക്കണമെന്നും ഇന്നലെ സമാപിച്ച കെ.പി.സി.സി ചിന്തൻ ശിബിരത്തിൽ ആഹ്വാനം. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബി.ജെ.പി സർക്കാർ വേട്ടയാടുകയാണെന്ന് സമാപന

പ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

യു.ഡി.എഫ് വിപുലീകരിക്കാൻ ചിന്തൻ ശിബിരത്തിൽ തീരുമാനമായി. എൽ.ഡി.എഫ് വിട്ട് വരുന്നവരെ സ്വീകരിക്കാൻ പ്രത്യേക കമ്മിറ്റികളും സംവിധാനവുമുണ്ടാക്കും. പുറത്തു പോയവരിൽ പലരും അസംതൃപ്തരാണ്. പലരും ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. അവരുമായെല്ലാം സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ച് തിരികെയെത്തിക്കും. കെ.എസ്.ആർ.ടി.സിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണയ്ക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പു വരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്‌കരിക്കും. കെ.പി.സി.സിയിലും ഡി.സി.സിയിലും ഇലക്ഷൻ കമ്മിറ്റി രൂപീകരിക്കും.
കെ.പി.സി.സി മുതൽ ബൂത്തുതലം വരെ പുനഃസംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര പരിഹാര സെൽ രൂപീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്‌ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്‌കരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. കാലഹരണപ്പെട്ട പദാവലി പരിഷ്‌കരിക്കും. പ്രവർത്തകരെ രാഷ്ട്രീയവത്കരിക്കരിക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റും നേടുമെന്ന് ഉറപ്പു വരുത്താനും ശിബിരത്തിൽ തീരുമാനമായി.

 ഭിന്നിപ്പിച്ചു ഭരിക്കുക സംഘപരിവാർ അജൻഡ

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സംഘപരിവാർ രാജ്യത്ത് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേൽ കടന്നുകയറ്റമുണ്ടാകുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു. മാദ്ധ്യമ പ്രവർത്തകരും കൊലചെയ്യപ്പെടുന്നു. അശോക സ്തംഭത്തെ വിരൂപമാക്കി.

സംഘപരിവാറിനെ പോലെയാണ് കേരളത്തിൽ ഇടത് സർക്കാരും പ്രവർത്തിക്കുന്നത്. സാംസ്‌കാരിക, മാദ്ധ്യമ പ്രവർത്തകർ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്. കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സർക്കാരിന്റെ പ്രവർത്തനം. സംഘപരിവാറിന്റെയും സി.പി.എമ്മിന്റെയും പ്രത്യയ ശാസ്ത്രത്തെ ശക്തമായി എതിർക്കുമെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement