എൽ.ഡി.എഫ് യോഗം ഇന്ന്, രാഷ്ട്രീയ വിവാദം ചർച്ചയായേക്കും
Tuesday 26 July 2022 12:00 AM IST
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് എ.കെ.ജി സെന്ററിൽ നടക്കും. കിഫ്ബിക്കെതിരായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം, നിത്യോപയോഗ സാധനങ്ങൾക്ക് മേൽ ജി.എസ്.ടി ചുമത്തൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ മുന്നണിയുടെ യോജിച്ച പോരാട്ടം ആലോചിക്കാനാണ് പ്രധാനമായും യോഗം വിളിച്ചത്.
അടിക്കടിയുള്ള രാഷ്ട്രീയവിവാദങ്ങളിൽ നേതൃത്വം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ മുന്നണിയുടെ രാഷ്ട്രീയനിലപാട് പൊതുസമൂഹത്തോട് വിശദീകരിക്കാനുള്ള പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തേക്കും. ദേശീയതലത്തിൽ സി.പി.എമ്മും സി.പി.ഐയും ഒരുമിച്ച് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിന്റെ വിശദാംശങ്ങൾ ഇരുപാർട്ടികളും തമ്മിൽ പ്രത്യേകം ചർച്ച ചെയ്തേക്കും. മുന്നണി യോഗത്തിന് പുറമേയാകും ഈ ചർച്ച.