വടകരയിലെ കസ്റ്റഡി മരണം; സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും സ്ഥലം മാറ്റം
വടകര: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ വടകര സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. രണ്ട് പൊലീസുകാരെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനാണ്. 28പേരെയാണ് സ്ഥലം മാറ്റിയത്. പകരക്കാരടക്കം 56പേരുടെ സ്ഥലംമാറ്റത്തിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറയുന്നത്.