സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി; രാജ്യവ്യാപകമായി പ്രധിഷേധിച്ച് കോൺഗ്രസ്, സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞു

Tuesday 26 July 2022 11:54 AM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്.

ചോദ്യം ചെയ്യലിനെതിരെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ല. തുട‍ര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്തും പലയിടങ്ങളിലായി കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോട്ടയത്തും കണ്ണൂരും കാസ‍ര്‍കോടും തിരുവല്ലയിലും തൃശൂരിലും ട്രെയിൻ തടഞ്ഞു. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക‍ര്‍ ഗുരുവായൂർ എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിച്ചത്. പൊലീസെത്തി പ്രതിഷേധിച്ചവരെ നീക്കി. കണ്ണൂരിൽ പ്രവ‍ര്‍ത്തകര്‍ പാളത്തിൽ ഇറങ്ങി ഇന്റർ സിറ്റി എക്സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേസുമായി ബന്ധപ്പെട്ട് കഴി‌ഞ്ഞയാഴ്ചയും സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂർ മാത്രമാണ് സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നത്. കൊവിഡിനെ തുടർന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇ ഡി ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

Advertisement
Advertisement