രാമായണം കാണാൻ ഇടയായതോടെയാണ് മോഹൻലാൽ തകർത്തഭിനയിച്ച ഗാനരംഗം ചെയ്യാനുള്ള വഴി തെളിഞ്ഞത്, ഒടുവിൽ ആ പ്രശസ്‌ത ക്യാമറാമാൻ മലയാളത്തിലെത്തി

Tuesday 26 July 2022 3:15 PM IST

1980കളിൽ ഒട്ടേറെ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് സാജൻ. കരിയറിൽ മുപ്പതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി സാജൻ ഒരുക്കിയ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രം അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു.

ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഹനുമാൻ മരുത്വാമലയും കൊണ്ട് പോകുന്ന പോലൊരു സംഭവം 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിൽ ചെയ്‌താലെന്താ എന്ന് ആലോചിച്ചു. മോഹൻലാലും മാളയും കൂടി എത്തുന്ന 'നീയറിഞ്ഞോ മേലേ മാനത്തെ' എന്ന് തുടങ്ങുന്ന ഗാനം സ്വപ്‌നം കാണുന്ന പോലെ ചെയ്യാമെന്ന് വിചാരിച്ചു. സ്വപ്‌നം കാണുന്ന സിറ്റുവേഷൻ എസ്.എൻ സ്വാമി ഉണ്ടാക്കി. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഒന്നും ഇല്ലല്ലോ. എങ്ങനെ പ്രാവർത്തികമാക്കാമെന്നായിരുന്നു ചിന്ത.

രാമാനന്ത് സാഗറിന്റെ 'രാമായണം' സീരിയലിൽ ദെെവങ്ങളൊക്കെ പറക്കുന്നത് കണ്ടു. ഈ ക്യാമറാമാനെ കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. രവീകാന്ത് എന്ന ക്യാമറാമാനാണെന്ന് കണ്ടു. ഒരു സുഹൃത്ത് മുഖാന്തരം അദ്ദേഹത്തിനോട് കാര്യം അവതരിപ്പിക്കുകയും ചെയ്യാമെന്നേൽക്കുകയും ചെയ്‌തു. രവീകാന്ത് തന്നെയാണ് നേരിട്ട് നിന്ന് എല്ലാം ചെയ്‌ത് തന്നത്'- സാജൻ പറഞ്ഞു.