മാണി വിഭാഗത്തിന് യു.ഡി.എഫ് ക്ഷണം: ഇടഞ്ഞ് ജോസഫും കാപ്പനും

Wednesday 27 July 2022 12:00 AM IST

കോട്ടയം. ഇടതുപക്ഷത്ത് ചേക്കേറിയ കേരളകോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടു വരാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ജോസഫ് വിഭാഗത്തിന് പിറകേ മാണി സി കാപ്പനും രംഗത്തെത്തി.

കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഘടകകക്ഷി നേതാവായ മാണി സി കാപ്പൻ എം.എൽ.എ രംഗത്തെത്തി. 'വായിൽ നാക്കുള്ളവർക്ക് എന്തും പറയാ'മെന്നായിരുന്നു കാപ്പന്റെ പ്രതികരണം. കേരള കോൺഗ്രസ് എം യു.ഡി.എഫിൽ എത്തിയാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി വിഭാഗത്തെ യു.ഡി.എഫിൽ കൊണ്ടുവരണമെന്നത് അനാവശ്യചർച്ചയെന്നായിരുന്നു ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എയുടെ പ്രതികരണം. യു.ഡി.എഫിൽ ചർച്ച ചെയ്യാത്ത വിഷയമാണ്. എൽ.ഡി.എഫിലെ അതൃപ്തർ ആരെന്നറിയില്ല. ഉണ്ടെങ്കിൽ കെ.പി.സി.സി നേതൃത്വം വ്യക്തമാക്കണം. യു.ഡി.എഫ് വിട്ടു പോയവർ കൃത്യമായ അജൻഡയുടെ ഭാഗമായാണ് പോയതെന്നും മോൻസ് പറഞ്ഞു.

കോൺഗ്രസ് ഞങ്ങളെ ക്ഷണിച്ചുവെന്ന് പ്രചരിപ്പിച്ച് യു.ഡി.എഫിൽ കടന്നു കൂടാൻ എൽ.ഡി.എഫിൽ വീർപ്പുമുട്ടി നിൽക്കുന്ന കേരളകോൺഗ്രസ് എം നാടകം കളിക്കുകയാണെന്നായിരുന്നു ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ പരിഹസിച്ചത്. യു.ഡി.എഫിന്റെ പിൻബലത്തിൽ കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ജയിച്ച അവർക്ക് ശക്തിയുണ്ടായിരുന്നെങ്കിൽ പാലായിലും കടുത്തുരുത്തിയിലും വിജയിച്ചേനെയെന്നും സജി പറഞ്ഞു.

കേരളാകോൺഗ്രസ് എം. യു.ഡി.എഫ് വിട്ടതിന് കാരണക്കാരായ കോൺഗ്രസ് സീനിയർ നേതാക്കൾ മൗനം പാലിച്ചപ്പോൾ ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ ശക്തമായ കടന്നാക്രമണം നടത്തി " മാണി വിഭാഗത്തെ ആരും യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. ആക്രാന്തം മൂത്ത് ചാടിപ്പോയിട്ട് യു.ഡി.എഫിലായിരുന്നപ്പോൾ ഉണ്ടായിരുന്ന ധനം,റവന്യൂ ഒന്നും കിട്ടിയില്ല. ഇത് കൊടുക്കാതിരിക്കാൻ ചെയർമാൻ ജോസ് കെ.മാണിയെ പാലായിൽ തന്ത്രപരമായി തോൽപ്പിച്ചു. ചിന്തൻ ശിബിരത്തിൽ ഒരു പാർട്ടിയെ പറ്റിയും പരാമർശിക്കാതിരിക്കെ പാർട്ടി കമ്മിറ്റി കൂടതെ സ്വന്തം താത്പര്യ സംരക്ഷണത്തിനായി സ്റ്റീഫൻ ജോർജ് നടത്തിയത് 'പപ്പു തപ്പുന്ന' പ്രസ്താവനയാണെന്ന് ചന്ദ്രമോഹൻ കുറ്റപ്പെടുത്തിയപ്പോൾ ചന്ദ്രമോഹനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് മാണി വിഭാഗം നടത്തിയത്.

Advertisement
Advertisement