പിഴയില്ല, കാണാൻ മാത്രം ഈ ക്യാമറകൾ

Wednesday 27 July 2022 12:00 AM IST

കോട്ടയം. വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, നിയമലംഘകരെ കണ്ടെത്തുന്നതിന് മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ നിരീക്ഷണത്തിന് മാത്രമായി. ജില്ലയിലെ പ്രധാന നിരത്തുകളിലും ജംഗ്ഷനുകളിലുമായി കെൽട്രോണിന്റെ സഹായത്തോടെയാണ് ഇവ സ്ഥാപിച്ചത്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ ക്യാമറയിൽ പകർത്തി വാഹൻ ഡേറ്റാബേസിൽ നിന്ന് വാഹനയുടമയുടെ വിവരങ്ങൾ ശേഖരിച്ച് പിഴ ഈടാക്കുകയായിരുന്നു ലക്ഷ്യം.

ക്യാമറകളെ തെള്ളകത്തെ എൻഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധിപ്പിച്ച് വാഹൻ ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ ജോലികൾ പൂർത്തിയായിട്ടില്ലാത്തതിനാലാണ് പിഴ ഈടാക്കാൻ സാധിക്കാത്തത്. സോഫ്‌റ്റ്‌വെയർ പൂർണ സജ്ജമാകാത്തതിനാൽ കോടികൾ മുടക്കി സ്ഥാപിച്ച ക്യാമറകൾ നിരത്തിലെ 'കാഴ്ച കാണാൻ' മാത്രമായി.

ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് പരിശോധിക്കാം എന്ന ഉപയോഗം മാത്രമേ ഇപ്പോഴുള്ളു.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന, രാത്രിയിലും പകലും ഒരേപോലെ ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ക്യാമറകളിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, വാഹനത്തിൽ നടത്തിയ നിയമപരമല്ലാത്ത കൂട്ടിച്ചേർക്കലുകൾ, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ കണ്ടെത്തി വാഹന ഉടമയയിൽ നിന്ന് പിഴയീടാക്കാൻ കഴിയും. ഏപ്രിൽ ഒന്നിന് ക്യാമറകൾ സജ്ജമായതാണ്.

ജില്ലയിൽ ക്യാമറകൾ 44 .

Advertisement
Advertisement