തമിഴ്നാട്ടിൽ മറ്റൊരു പ്ളസ്ടു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്‌തു; രണ്ടാഴ്‌ചയ്‌ക്കിടെയുണ്ടാകുന്ന മൂന്നാമത് സംഭവത്തിന്റെ ഞെട്ടലിൽ സംസ്ഥാനം

Tuesday 26 July 2022 8:25 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ആശങ്കയായി മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ കൂടി. അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലും പഠനഭാരത്തിന്റെ സമ്മർദ്ദത്താലുമാണ് കടലൂർ സ്വദേശിയായ പ്ളസ്‌ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തത്. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാറ്റി.

പെൺകുട്ടിയെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാക്കണം എന്ന മോഹമായിരുന്നു മാതാപിതാക്കൾക്കുണ്ടായിരുന്നത്. ഇതിന്റെ പേരിൽ കുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. പഠിക്കാത്തതിന് വഴക്ക് പറയുകയും ചെയ്‌തിരുന്നതായാണ് വിവരം. കുട്ടിയെ സിവിൽ സർവീസ് പരിശീലനത്തിനയച്ചിരുന്നു ഇതിന്റെയെല്ലാം സമ്മർദ്ദമാണ് കുട്ടി ആത്മഹത്യ ചെയ്യാനിടയായതെന്നാണ് സൂചന. വലിയ വിവാദമായ കള‌ളക്കുറിച്ചിയിലെയും തിരുവള‌ളൂരിലെയും വിദ്യാർത്ഥി ആത്മഹത്യകൾ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് മറ്റൊരു വിദ്യാർത്ഥിനി കൂടി മരിച്ചത്. ജൂലായ്13നാണ് കള‌ളക്കുറിച്ചി ശക്തി സ്‌കൂളിലെ ഹോസ്‌റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തത്. തുടർന്ന് വ്യാപകമായ അക്രമവും സ്‌കൂൾബസുകളും പൊലീസ് വാഹനങ്ങളും നശിപ്പിക്കുന്നതിനും ഇടയാക്കി. സ്‌കൂളിലെ ഓഫീസും പ്രക്ഷോഭകർ തകർത്തു. ശേഷം തിരുവള‌ളൂരിൽ സേക്രഡ് ഹാർട്‌സ് എയ്‌ഡഡ് സ്‌കൂളിൽ ഹോസ്‌റ്റലിലും ഒരു പ്ളസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തിരുന്നു.