കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

Wednesday 27 July 2022 3:58 AM IST

തിരുവനന്തപുരം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം താലൂക്ക് സർവേയർ ഗിരീഷൻ വിജിലൻസ് പിടിയിലായി.ചിറയിൻകീഴ് സ്വദേശിയായ അബ്‌ദുൽ വാഹിദിന്റെ പരാതിയിലാണ് നടപടി. അബ്‌ദുൽ വാഹിദിന്റെ മുരുക്കുംപുഴയിലുള്ള രണ്ടേക്കർ പുരയിടത്തിൽ ഒരേക്കർ‌ ഗൾഫിലായിരുന്ന സമയത്ത് സഹോദരിയുടെ മകന്റെ പേരിലേയ്ക്ക് മാറ്റിയിരുന്നു.നാട്ടിലെത്തിയ അബ്ദുൽ വാഹിദ് ഒരേക്കർ ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിന് കളക്‌ടർക്ക് അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കളക്‌ടർ താലൂക്ക് സർവേയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.താലൂക്ക് ഓഫീസിലെത്തി അബ്ദുൽ വാഹിദ് കാര്യം തിരക്കിയപ്പോൾ ഫയൽ താലൂക്ക് സർവേയറായ ഗിരീഷന്റെ പക്കലാണെന്ന് മനസിലായതിനെത്തുടർന്ന് പല പ്രാവശ്യം ഗിരീഷനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ടപ്പോൾ 10,000 രൂപ കൈക്കൂലി തന്നാൽ വേഗത്തിൽ ശരിയാക്കിത്തരാമെന്ന് ഗിരീഷൻ പറഞ്ഞു.അബ്ദുൽ വാഹിദ് ഈ വിവരം തിരുവനന്തപുരം പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പൊലീസ് സൂപ്രണ്ടായ കെ.ബൈജുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി എം.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷന് കെണിയൊരുക്കിയത്.വൈകിട്ട് ആറ് മണിയോടെ കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവനുസമീപം വച്ച് അബ്ദുൽ വാഹിദിൽ നിന്ന് 10,000 രൂപ വാങ്ങവേ താലൂക്ക് സർവേയറായ ഗിരീഷനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.വിജിലൻസ് സംഘത്തിൽ എസ്.ഐ ഗോപകുമാർ, എ.സി.പിമാരായ രാജേഷ്,പ്രവിൻ,കൃഷ്ണകുമാർ,ജയൻ,ജയകുമാർ,നിസാമുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement