കാക്കിയിട്ട അടിമകൾ..!

Wednesday 27 July 2022 12:00 AM IST

ഐ.പി.എസുകാർ സ്വന്തം സാമ്രാജ്യം പോലെ വാഴുന്ന കേരളാപൊലീസിൽ അടിമപ്പണിയും ദാസ്യവേലയും പൊടിപൊടിക്കുകയാണ്. ഏറാൻമൂളികളെപ്പോലെ നിരവധി പൊലീസുകാരെ ഐ.പി.എസ് ഏമാൻമാർ ഒപ്പം കൊണ്ടുനടക്കുന്നു. ഭാര്യയുടെയും മക്കളുടെയും വസ്ത്രം കഴുകാനും വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കാലികളെ വളർത്താനും മുതൽ സ്വന്തം ബിസിനസ് സാമ്രാജ്യങ്ങൾ നോക്കിനടത്താൻ വരെ ഖജനാവിൽ നിന്ന് അരലക്ഷം വരെ മാസശമ്പളം വാങ്ങുന്ന പൊലീസുകാരെ ഉപയോഗിക്കുന്നു. വളർത്തുനായ്ക്കളെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച ഗൺമാൻ ആകാശിനെ ടെലികമ്മ്യൂണിക്കേഷൻ എസ്.പി നവനീത് ശർമ്മ വസതിയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി സസ്പെൻഡ് ചെയ്തതും കള്ളക്കേസിന് പിന്നിൽ അടിമപ്പണിയാണെന്ന് തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കകം ഐ.ജി അനൂപ് കുരുവിള ജോൺ സസ്പെൻഷൻ റദ്ദാക്കി ആകാശിനെ തിരിച്ചെടുത്തതും കഴിഞ്ഞയാഴ്ചയാണ്.

ഔദ്യോഗിക ക്വാർട്ടേഴ്സിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രോട്ടോക്കോൾ ലംഘിച്ച് അനധികൃതമായി പ്രവേശിച്ച് ഹാളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതായി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ സബ്ഇൻസ്പെക്ടറെക്കൊണ്ട് സ്പെഷ്യൽറിപ്പോർട്ട് എഴുതിവാങ്ങിച്ചായിരുന്നു ഐ.പി.എസ് ഏമാന്റെ സസ്പെൻഷൻ പ്രയോഗം. യഥാർത്ഥത്തിൽ സംഭവം മറ്റൊന്നായിരുന്നു. എസ്.പിയുടെ ഇതരസംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ എസ്.പിയുടെ വസതിയിലേക്ക് വിളിപ്പിച്ച് നായ്ക്കളെ കുളിപ്പിക്കാനും വിസർജ്ജ്യം കോരിമാറ്റാനും ആവശ്യപ്പെട്ടു. നായ്ക്കളെ കുളിപ്പിക്കുന്നതും വിസർജ്യം കോരിമാറ്റുന്നതും തന്റെ പണിയല്ലെന്ന് പറഞ്ഞ് ആകാശ് ഗൺമാൻമാരുടെ റെസ്റ്റ് റൂമിൽ ഇരുന്നു. ഇതേത്തുടർന്നാണ് വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കള്ളക്കഥ മെനഞ്ഞുള്ള സസ്പെൻഷൻ. ഐ.പി.എസ് ക്വാർട്ടേഴ്സ് ഒന്നാം നമ്പർ വില്ലയാണ് എസ്.പിക്കായി അനുവദിച്ചിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥയായ ഭാര്യയുടെ ക്വാർട്ടേഴ്സിലാണ് അദ്ദേഹം താമസിക്കുന്നത്. വല്ലപ്പോഴുമേ ക്വാർട്ടേഴ്സിലെത്തൂ. ഉത്തരേന്ത്യക്കാരനായ കെയർടേക്കറാണ് ഐ.പി.എസ് ക്വാർട്ടേഴ്സിലുള്ളത്.

പൊലീസുകാരെക്കൊണ്ട് വീട്ടുജോലിയും അടിമപ്പണികളും ചെയ്യിച്ചാൽ എത്ര ഉന്നതനായാലും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകിയിട്ടും ഏമാൻമാർ വഴങ്ങുന്നില്ല. തോളിലെ നക്ഷത്രങ്ങളുടെയും ഐ.പി.എസ് അധികാരത്തിന്റെയും ഗർവിലാണ് പൊലീസുകാരെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിപ്പിക്കുന്നത്. വിധേയരെന്ന് തോന്നുന്ന പൊലീസുകാരെ വർക്കിംഗ് അറേഞ്ച്മെന്റ് എന്ന ഓമനപ്പേരിട്ടാണ് ദാസ്യവേലയ്ക്കായി വീട്ടിലെത്തിക്കുന്നത്. പട്ടിയെ കുളിപ്പിക്കാനും വീട്ടിൽ ടൈൽസ് പണിക്കും ചന്തയിൽ പോയി മീൻവാങ്ങാനും അടുക്കളയിൽ പാചകത്തിനും പൂന്തോട്ടം നനയ്ക്കാനും പൊലീസുകാരെ നിയോഗിക്കുന്ന ഏമാൻമാരുണ്ട്. മുൻപ് ഇരുപതുപേരെ വരെ ഐ.പി.എസുകാർ ഒപ്പംകൂട്ടിയിരുന്നു. ഭാര്യയുടെയും മക്കളുടെയും വസ്ത്രം കഴുകാനും കാലിവളർത്താനും പശുവിന് പുല്ലും വൈക്കോലുമെത്തിക്കാനും മുതൽ പലിശയ്‌ക്ക് കൊടുത്ത തുകയുടെ പിരിവിനുവരെ പൊലീസുകാരെ ഉപയോഗിച്ചിരുന്നു.

പൊലീസുകാർക്ക് നേരെ ജാതീയ അധിക്ഷേപം നടത്തുന്ന ഐ.പി.എസ് കൊച്ചമ്മമാരുമുണ്ട്. ഐ.പി.എസുകാരുടെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷോപ്പിംഗിന് പോവേണ്ടതും ബ്യൂട്ടിപാർലറുകളിലും ഹെൽത്ത് ക്ലബുകളും കാവൽ നിൽക്കേണ്ടതും പൊലീസുകാരാണ്. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥന്റെ ഭാര്യ വെളുത്ത നിറമില്ലാത്തവരെ വീട്ടിൽ കയറ്റാറില്ല. മദ്യംവിളമ്പാനും പൊലീസുകാരെ ഉപയോഗിക്കുന്നവരുണ്ട്. ബിവറേസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യംവാങ്ങി, ഒപ്പം കഴിക്കാനുള്ള ലഘുഭക്ഷണവും തയ്യാറാക്കി കാത്തിരിക്കണം. ഓരോ പെഗ് ഒഴിച്ചുകൊടുത്തിട്ടും പൊലീസുകാരനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചിരുന്നത് ഡി.ജി.പി റാങ്കിൽ വിരമിച്ച ഏമാനാണ്. ഐ.പി.എസുകാരുടെ ബിസിനസ് നോക്കിനടത്തുന്ന പൊലീസുകാരുമുണ്ട്. അഞ്ചുവർഷം മുൻപ് ഉന്നതന്റെ ബിസിനസ് നോക്കിനടത്തിയിരുന്ന ചില ഉദ്യോഗസ്ഥർ രാജിവച്ച് സ്വന്തമായി ബിസിനസ് ആരംഭിച്ച ചരിത്രവുമുണ്ട്. തിരുവനന്തപുരത്തെ അസി.കമ്മിഷണർ പൊലീസുകാരെ ഉപയോഗിച്ചായിരുന്നു ചാല കമ്പോളത്തിൽ പലിശയ്ക്ക് പണം നൽകി പിരിവെടുത്തിരുന്നത്. ബിനാമി ഇടപാടുകൾക്കും ഒപ്പമുള്ള പൊലീസുകാരെ ഉപയോഗിക്കുന്നവരുണ്ട്. കടമുറികളുടെയും വീടുകളുടെയും വാടകപിരിക്കൽ, കുട്ടികൾക്ക് ട്യൂഷനെടുക്കൽ തുടങ്ങിയ ചുമതലകളുമുണ്ട്.

ബറ്റാലിയനിലും ക്യാമ്പുകളിലും പാചകം, അലക്ക്, ശുചീകരണം, മുടിവെട്ട് എന്നിവയ്ക്കായി കുക്ക് കം സ്വീപ്പർ, സ്വീപ്പർ കം സാനിട്ടേഷൻ വർക്കർ, ഡോബി, ബാർബർ, വാട്ടർ കാരിയർ എന്നിങ്ങനെ തസ്തികകളിലുള്ള ക്യാമ്പ് ഫോളോവർമാരെക്കൊണ്ടും ദാസ്യപ്പണിയെടുപ്പിക്കുന്നു. ഇവരെ പൊലീസുദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ട്. പാലിച്ചില്ലെങ്കിൽ ജോലിക്കുവച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കാം. ഫോളോവറുടെ ശമ്പളത്തുക ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാം.

ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്ക് നിയോഗിച്ച സ്ത്രീകളെ സായുധബറ്റാലിയൻ കമൻഡാന്റ് ക്യാമ്പ് ഫോളോവർമാരാക്കി ശമ്പളം നൽകിയെന്ന കേരളകൗമുദി റിപ്പോർട്ട് നിയമസഭയിലടക്കം വൻകോളിളക്കം ഉണ്ടാക്കിയിരുന്നു. ഡി.ജി.പി സുധേഷ് കുമാർ ക്യാമ്പ് ഫോളോവർമാരെക്കൊണ്ട് വീട്ടിൽ അടിമപ്പണിയെടുപ്പിച്ചതിനെത്തുടർന്ന് സ്പെഷൽ റൂളിൽ ഭേദഗതി വരുത്തി ക്യാമ്പ് ഫോളോവർമാരെ ലാസ്റ്റ് ഗ്രേഡ് സർവീസ് വിഭാഗത്തിലുൾപ്പെടുത്തി. പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചാൽ പൊലീസ് ആക്ട് പ്രകാരം ആറുമാസം തടവുശിക്ഷയോ 2000രൂപ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാം. ഇത് മറികടക്കാൻ ഒപ്പംകൂട്ടിയിട്ടുള്ള പൊലീസുകാരെല്ലാം ഏതെങ്കിലും സ്പെഷ്യൽ യൂണിറ്റിൽ ജോലിചെയ്യുന്നെന്ന് ഉദ്യോഗസ്ഥർ രേഖയുണ്ടാക്കും.

ചില സാമ്പിളുകൾ ഇതാ

ഐ.പി.എസുകാരന്റെ ബിനാമിയായിരുന്ന പൊലീസുകാരന് ഏമാന്റെ കോഴിക്കച്ചവടം നോക്കിനടത്തുകയായിരുന്നു ചുമതല. രേഖകളിൽ പട്ടം ട്രാഫിക് സ്റ്റേഷനിലാണ് ജോലിയെങ്കിലും അഞ്ച് വർഷം ഒരുദിവസം പോലും പൊലീസുകാരൻ കാക്കിയിട്ടിട്ടില്ല, സ്റ്റേഷനിൽ എത്തിയിട്ടില്ല. കുറേക്കാലം ഏമാന്റെ കച്ചവടം നോക്കിനടത്തിയ പൊലീസുകാരൻ പിന്നീട് അവധിയെടുത്ത് സ്വന്തമായി ഇറച്ചിക്കോഴി മൊത്തവ്യാപാരം തുടങ്ങി. പൊലീസിലെ ജോലി രാജിവച്ച് കോടീശ്വരനായി വിലസുന്നു.

ഒരു എസ്.പി തിരുവനന്തപുരം ജനറൽ ആശുപത്രിക്കടുത്തെ തന്റെ മെഡിക്കൽഷോപ്പിൽ പൊലീസുകാരനെ വർഷങ്ങളോളം സെയിൽസ്‌മാനായി നിയോഗിച്ചിരുന്നു. പേട്ടയിലെ കടകളിൽ നിന്ന് വാടകപിരിക്കാനും മക്കൾക്ക് ട്യൂഷനെടുക്കാനും പൊലീസുകാരെ നിയോഗിച്ചിരുന്നതും മറ്റൊരു എസ്.പി. അടുത്തിടെ ഡി.ജി.പി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥൻ തന്റെ വമ്പൻചിട്ടികളുടെ പിരിവെടുക്കാനും നിയോഗിച്ചത് പൊലീസുകാരെത്തന്നെ.

ഡി.ജി.പിയായി വിരമിച്ച മലയാളി ഉദ്യോഗസ്ഥന്റെ ഹിന്ദിക്കാരിയായ ഭാര്യയ്ക്ക് സന്ധ്യമയങ്ങിയാൽ മദ്യപിക്കാനും ചീട്ടുകളിക്കാനും ക്ലബുകളിൽ നിന്ന് ക്ലബുകളിലേക്ക് പറക്കണം. ഭാര്യയ്ക്ക് അകമ്പടിക്കായി രണ്ട് പൊലീസ് വാഹനങ്ങളും ആറ് പൊലീസുകാരുമുണ്ട്. നേരം പുലരുവോളം ക്ലബുകൾക്ക് മുന്നിൽ പൊലീസുകാർ കാത്തുനിൽക്കണം. വെളുപ്പാൻകാലത്ത് കൊച്ചമ്മ പൂരത്തെറി പറഞ്ഞ് തിരിച്ചെത്തും. വീട്ടിലെത്തിയാൽ താങ്ങിയെടുത്ത് വീട്ടിലെത്തിക്കേണ്ടതും പൊലീസുകാർ തന്നെ.

ഡ്രൈവറെ മകൾ മർദ്ദിച്ചതിനെത്തുടർന്ന് പുലിവാലു പിടിച്ച ഡി.ജി.പി സുധേഷ്‌കുമാറിന്റെ പ്രവൃത്തികൾ കേട്ടാൽ ആരും മൂക്കത്തുവിരൽ വച്ചുപോവും. ബി.എസ്.എഫിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ ഡൽഹിയിൽ നിന്ന് തന്റെ വളർത്തുനായയെ തിരുവനന്തപുരത്ത് എത്തിക്കണമെന്ന് ഡോഗ്‌സ്ക്വാഡിലെ എസ്.ഐയോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്രെയിനിൽ നായയെ കൊണ്ടുവരാനായി ഡോഗ്സ്ക്വാഡിലെ ഉദ്യോഗസ്ഥനെ ബി.എസ്.എഫിന്റെ ഡോഗ് സ്ക്വാഡിൽ പരിശീലനത്തിനെന്ന വ്യാജേന ഡൽഹിക്കയച്ചു.

Advertisement
Advertisement