ആഴിമല കടലിൽ യുവാവിനെ കാണാതായ സംഭവം: ഡി.എൻ.എ പരിശോധനാഫലം ഇന്ന്

Wednesday 27 July 2022 2:54 AM IST

 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വിഴിഞ്ഞം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തിയശേഷം ആഴിമല കടലിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ മൂന്ന് പ്രതികളിൽ രണ്ടുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പെൺകുട്ടിയുടെ സഹോദരൻ, സഹോദരീ ഭർത്താവ് എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയതെന്നും മൂന്നാം പ്രതിയായ ഇവരുടെ സുഹൃത്ത് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കോടതിയിൽ സമർപ്പിക്കുന്ന ഡി.എൻ.എ ഫലത്തിനായി അടുത്ത ദിവസം പൊലീസ് അപേക്ഷ നൽകും.

വിഴിഞ്ഞം പൊലീസ് കോടതി അനുമതിയോടെ നടത്തിയ ലാബ് പരിശോധനാ ഫലമാണ് ലഭിക്കുന്നത്. കുളച്ചൽ പൊലീസ് നടത്തിയ ഡി.എൻ.എ പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. തമിഴ്നാട് നിദ്രവിള ഇരയിമ്മൻതുറയിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞെങ്കിലും ഉറപ്പാക്കുന്നതിനാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്.

ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫലം ലഭിക്കുന്നതനുസരിച്ച് ബന്ധപ്പെട്ടവർക്ക് വിട്ടുനൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞ 9ന് ഉച്ചയോടെ പെൺസുഹൃത്തിനെ കാണാൻ ആഴിമലയിലെത്തിയപ്പോഴാണ് പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കിരണിനെ (25) കാണാതായത്. പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെ മർദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയെന്നും പിന്നീടാണ് കാണാതായതെന്നുമാണ് കിരണിനൊപ്പം ആഴിമലയിലെത്തിയ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

Advertisement
Advertisement