സർക്കാർ ഫോൺ ചോർത്തുന്നുവെന്ന് മാർഗരറ്റ് ആൽവ

Wednesday 27 July 2022 12:00 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാഷ്‌‌ട്രീയക്കാരുടെയെല്ലാം ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുണ്ടെന്നും അതിനാൽ നേതാക്കളും എം.പിമാരും ഇടയ്‌‌ക്കിടെ നമ്പർ മാറ്റേണ്ടി വരുന്നതായും പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ആരോപിച്ചു. ബി.ജെ.പി മുഖ്യമന്ത്രിമാരോടും എം.പിമാരോടും വോട്ട് ചോദിച്ചതിനെ തുടർന്ന് എം.ടി.എൻ.എൽ മൊബൈൽ സിം പ്രവർത്തന രഹിതമായെന്ന് ആൽവ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.

വലിയേട്ടൻ നിരീക്ഷിക്കുന്നുവെന്ന ഭയത്താൽ എല്ലാ രാഷ്‌ട്രീയക്കാർക്കും എംപിമാരും ഫോൺ നമ്പർ മാറ്റേണ്ട സ്ഥിതിയാണ്. ചിലർ ഒന്നിലധികം ഫോണുകൾ ഉപയോഗിക്കുന്നു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കും- പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മാർഗരറ്റ് ആൽവ പറഞ്ഞു. എന്നാൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചു. എന്തിനാണ് മാർഗരറ്റ് ആൽവയുടെ ഫോൺ ചോർത്തുന്നതെന്ന് കൂടി പറയണമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ബി.ജെ.പി മുഖ്യമന്ത്രിമാരെയും എംപിമാരെയും വിളിച്ച് വോട്ട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തന്റെ മൊബൈൽ നമ്പർ പ്രവർത്തന രഹിതമായെന്ന് ചൂണ്ടിക്കാട്ടി മാർഗരറ്റ് ആൽവ പൊതുമേഖലാ സ്ഥാപനമായ എം.ടി.എൻ.എല്ലിന് പരാതി നൽകിയിരുന്നു.

Advertisement
Advertisement