കെണികളിൽ പെടാതിരിക്കാൻ അവർക്ക് പകരുക ഈ പാഠങ്ങൾ

Wednesday 27 July 2022 12:00 AM IST

സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കണമെന്ന ആവശ്യമുയർന്നിട്ട് കാലമേറെയായി. ഇക്കാര്യത്തിൽ ഹൈക്കോടതി ശക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ പ്രതികരണമുണ്ടാകാത്തത് ഖേദകരമാണ്. കേരളത്തിലെ ഗൗരവമേറിയതും ഞെട്ടലുളവാക്കുന്നതുമാണ് സമീപകാല സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴാണ് കുട്ടികൾക്കുള്ള ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് വ്യക്തമാകുക.

കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് മുന്നിലെത്തിയ ഒരു കേസ് പരിശോധിക്കുമ്പോൾ നമ്മുടെ കുട്ടികളും കുടുംബവും സമൂഹവും അനുഭവിക്കുന്ന മാനസിക പിരിമുറക്കത്തിന്റെ ആഴം മനസിലാക്കാനാകും. പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്ന് ഗർഭിണിയായ 13 കാരിയുടെ 30 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി മാതാവാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ കോടതി ഇതിനായി സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കണമെന്നും നിർദ്ദേശിച്ചു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞാൽ മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. കുഞ്ഞിനെ വീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സർക്കാർ ഏജൻസികൾ നിയമപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. നിയപ്രകാരം 24 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിന് അനുമതി. ഗർഭിണിയാണെന്ന കാര്യം പോലും പെൺകുട്ടിക്ക് മനസിലായില്ലെന്നതാണ് വസ്‌തുത. വയറു വേദനയ്‌ക്ക് ഡോക്‌ടറുടെ അടുത്ത് എത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. കൗമാരക്കാരുടെ ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയിലെത്തുന്ന ഹർജികൾ വർദ്ധിക്കുകയാണ്. കഴിഞ്ഞയാഴ്ച പോക്‌സോ കേസിൽ ഇരയായ 15 കാരിയുടെ 24 ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിനും കോടതി അനുമതി നൽകിയിരുന്നു. സമീപകാലത്ത് ഒരു പോക്‌സോ കേസ് പരിഗണിച്ചപ്പോൾ ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസ് ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമപാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കുട്ടികൾക്ക് ബോധവത്‌ക്കരണം അത്യാവശ്യമാണ്. പല കേസുകളിലും പ്രായപൂർത്തിയാകാത്ത അടുത്ത ബന്ധുക്കൾ തന്നെയാണ് ഗർഭധാരണത്തിന്റെ ഉത്തരവാദികൾ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ളീലവീഡിയോകൾ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാൻ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാലത്തു തന്നെ ലൈംഗിക വിദ്യാഭ്യാസം ഫലപ്രദമാക്കണം.

സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുന്നുവെന്നാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്. കാരണം, ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. ലൈംഗിക പീഡനങ്ങൾക്കിരകളാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകാനും മെഡിക്കൽ, നിയമ സഹായങ്ങൾ ലഭ്യമാക്കാനും സമഗ്രമായ പ്രോട്ടോക്കോൾ (പെരുമാറ്റച്ചട്ടം) വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം എത്രയും വേഗത്തിൽ നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുകയാണ് വേണ്ടത്. ഇരകൾക്ക് അടിയന്തര സഹായം തേടി വിളിക്കാൻ 112 എന്ന ടോൾ ഫ്രീ നമ്പർ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കണം. ഈ നമ്പർ ഇപ്പോഴും സജീവമാണെന്നാണ് സർക്കാർ വാദം. പീഡനങ്ങൾക്കിരയാവുന്ന സ്ത്രീകളും കുട്ടികളും ഈ നമ്പരോ പൊലീസിന്റെ 100 എന്ന ടോൾ ഫ്രീ നമ്പരിലോ വിളിച്ചാൽ വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറണം. ഇരകളുടെ കോളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. അതിനായി ഉന്നത ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഇരയെ ബന്ധപ്പെടാൻ പൊലീസ് സ്‌റ്റേഷനിൽ നിന്ന് അടിയന്തര നടപടിയെടുക്കുന്നുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഇരയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്താതെ നേരിൽപോയി കാണുകയോ ഫോണിൽ വിളിക്കുകയോ വേണം. വീട്ടിലോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തോ എത്തി മൊഴി രേഖപ്പെടുത്തണം. രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹ്യ പ്രവർത്തകന്റെയോ സാന്നിദ്ധ്യത്തിൽ മൊഴിയെടുക്കണമെന്ന മാനദണ്ഡം പൂർണമായി പാലിക്കപ്പെടണം. കേസെടുത്താൽ ഇരയ്ക്ക് സംരക്ഷണവും പിന്തുണയും നൽകാൻ വിക്ടിം ലെയ്‌സൺ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിർദ്ദേശമുള്ളതാണ്. ഇതിനു പുറമേ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയും വിക്ടിം റൈറ്റ് സെന്ററിന്റെയും നമ്പരുകൾ ഇരയ്ക്ക് നൽകണം. ഇരകൾക്ക് മാനസികവും ശാരീരികവുമായ പരിചരണം ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. ദുരിതഘട്ടത്തിലൂടെ കടന്നുപോകുന്ന ഇര ഏതു സമയത്ത് ആവശ്യപ്പെട്ടാലും സഹായം നൽകാൻ കഴിയുന്ന തരത്തിൽ 24 മണിക്കൂറും ഈ സെന്ററുകൾ സേവനം ഉറപ്പാക്കണം. ഇര ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ, വിക്ടിം റൈറ്റ് സെന്റർ എന്നിവിടങ്ങളിൽ മാനസിക പരിചരണത്തിനു പുറമേ നിയമസഹായവും ലഭിക്കും. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. വിചാരണവരെ ഇതു തുടരണം. രഹസ്യമൊഴി നൽകാനുളള നടപടികളിലും സഹായം നൽകണം. അവകാശങ്ങളെക്കുറിച്ച് ഇരകളെ ബോധവത്കരിക്കാനും അവരെ ആത്മവിശ്വാസത്തോടെ നടപടികൾ സ്വീകരിക്കാൻ പ്രാപ്തരാക്കാനും കഴിയണം.

സ്‌കൂൾ കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളേറെയും വിദ്യാർത്ഥികളും ചെറുപ്രായക്കാരുമാണ്. പോക്‌സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയെയും ഹൈക്കോടതി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

ലൈംഗികാതിക്രമം തടയാനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്‌കൂൾ തലത്തിൽ അവബോധം സൃഷ്ടിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരം കാര്യങ്ങളിൽ മതിയായ ബോധവത്കരണം നൽകാനാവുന്നില്ലെന്ന് വലിയൊരു പോരായ്‌മ തന്നെയാണ്. അതെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിനും സർക്കാരിനും തിരിച്ചറിവുണ്ടാകണം. ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവാന്മാരായിരിക്കണം. കുട്ടികളിലെ ഗർഭധാരണവുമായി ബന്ധപ്പെട്ട് കോടതിയുടെ മുന്നിലെത്തുന്ന കേസുകൾ വളരെ വിരളമാണ്. അതു തന്നെ ഗൗരവമാണെ ഹൈക്കോടതിയുടെ വിലയിരുത്തൽ സമൂഹം നേരിടുന്ന അപചയത്തിന്റെ തിരിച്ചറിവിൽ കൂടിയുള്ളതാണ്. കുട്ടികൾ നേരിടുന്ന ഇത്തരം ദുരിതാനുഭവങ്ങൾ പുറംലോകമറിയാതെ മറച്ചുവയ്‌ക്കപ്പെടുന്നുമുണ്ട്. ചെറിയ പ്രായത്തിൽ തന്നെകുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസവും ബോധവത്‌ക്കരണവും ഉറപ്പാക്കുന്നതിൽ സമൂഹവും ഭരണകൂടവും രക്ഷിതാക്കളും അദ്ധ്യാപകരുമെല്ലാം അതീവജാഗ്രത പുലർത്തണം.

Advertisement
Advertisement