ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

Wednesday 27 July 2022 12:10 AM IST

ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ കേസിലെ മുഖ്യപ്രതിയായ ആശിഷിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് ജാമ്യം തള്ളിക്കൊണ്ട് ജസ്റ്റിസ് കൃഷൻ പഹൽ പറഞ്ഞു. വളരെ സ്വാധീനമുള്ള ഒരു രാഷ്ട്രീയ കുടുംബത്തിൽ അംഗമായ ആശിഷ് മിശ്ര തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായ ശേഷം ജൂലായ് 15ന് വിധി പറയാനായി മാറ്റിയതായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ആശിഷ് മിശ്ര.

കഴിഞ്ഞ ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിൽ ജസ്റ്റിസ് രാജീവ് സിംഗ് ആശിഷിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഏപ്രിൽ 22ന് സുപ്രീംകോടതി അത് റദ്ദാക്കുകയും ജാമ്യാപേക്ഷയിൽ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Advertisement
Advertisement