പദ്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിൽ വീണ്ടും പ്രവേശനം

Wednesday 27 July 2022 2:08 AM IST

തിരുവനന്തപുരം: ശതകോടികളുടെ നിധിശേഖരം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷയുടെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിലേക്കുള്ള പ്രവേശനം നിറുത്തിവച്ചത് പുനരാരംഭിക്കുന്നതു സംബന്ധിച്ച് സാദ്ധ്യതാപഠനം നടത്താൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. ഇതിനായി പുരാവസ്തു, വാസ്തുവിദ്യാ വിദഗ്ദ്ധർ, സിവിൽ എൻജിനിയർമാർ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

ഏഴ് നിലകളുള്ള ഗോപുരത്തിലെ മൂന്ന് നിലകളിൽ ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കാനാണ് ആലോചന. നിത്യച്ചെലവുകൾക്ക് ബുദ്ധിമുട്ടുന്ന ക്ഷേത്രത്തിലേക്ക് കൂടുതൽ ഭക്തരെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. ഏഴ് നിലകളിൽ താഴത്തെ രണ്ടു നിലകളിൽ പുറംകാഴ്ചകൾ ദൃശ്യമാകില്ല.

ഇതിനു മുകളിലുള്ള ആദ്യ മൂന്നുനിലകളിലാകും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. ഗോവണികളും ഉൾവശവും പുരാവസ്തുക്കളാൽ അലങ്കരിക്കും. ഒരുസമയം 10 പേർക്കായിരിക്കും പ്രവേശനം. മൂന്നാംനിലയിലെ ഗോപുരവാതിലിലൂടെ മതിലകം മുഴുവൻ ദൃശ്യമാകും. ഏഴാം നിലയിൽ നിന്നാൽ നഗരം മുഴുവൻ കാണാം.

Advertisement
Advertisement