മേലുകാവിൽ വൻതീപിടിത്തം

Thursday 28 July 2022 12:29 AM IST

മേലുകാവ് . കോണിപ്പാട് ഇലവുമ്മാക്കൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പോസ്റ്റോഫീസും, റേഷൻകടയും, സ്റ്റേഷനറി കടയും പൂർണമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നത്. രാവിലെ 4.45 ന് സമീപവാസിയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിൽ അറിയിച്ചു. എന്നാൽ ഫയർഫോഴ്‌സ് സംഘമെത്തിയെങ്കിലും വാഹനത്തിലെ പമ്പു സെറ്റിലെ തകരാർ മൂലം തീകെടുത്താനായില്ല. തുടർന്ന് പാലായിൽ നിന്ന് വാഹനമെത്തിയപ്പോഴേക്കും നാട്ടുകാർ തീ കെടുത്തിയിരുന്നു. വാഴചാരിക്കൽ ജോസ് വി ജോസിന്റെ ഉടമസ്ഥതതയിലുള്ളതാണ് റേഷൻകട. അരി, ഗോതമ്പ്, ആട്ട എന്നിവയായി പതിനായിരത്തോളം കിലോ സാധനങ്ങളുണ്ടായിരുന്നു. 20 ലിറ്ററോളം മണ്ണെണ്ണയും സ്വൈപ്പിംഗ് മെഷീനും രേഖകളും കത്തുന്നതിന് മുന്നേ മാറ്റിയിരുന്നു. സിവിൽ സപ്ലൈസ് അധികൃതർ സ്ഥലത്തെത്തി മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.
പോസ്റ്റോഫീസ് രേഖകളും ഫർണിച്ചറുകളും സോളാർ പാനൽ, യു.പി.എസ്, കമ്പ്യൂട്ടറിന്റെ അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിച്ചു. 500 രൂപയുടെ സ്റ്റാമ്പുകളും നഷ്ടപ്പെട്ടു. നിക്ഷേപകരുടെ ഇടപാടുകളെല്ലാം ഓൺലൈനിൽ ആയതിനാൽ ആർക്കും സാമ്പത്തിക നഷ്ടം ഉണ്ടാകില്ല. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തമുണ്ടായ ഉടൻ പോസ്റ്റ് മാസ്റ്റർ സൂസമ്മ വർഗീസ് സ്ഥലത്തെത്തി ഓഫീസിൽ കയറി സാധനങ്ങൽ മാറ്റാൻ ശ്രമിച്ചെങ്കിലും ഓട് പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ പിന്മാറി. വാഴചാരിക്കൽ ജോണിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിലെ ഫ്രിഡ്ജടക്കം എല്ലാ സാധനങ്ങളും പൂർണമായും നശിച്ചു.

Advertisement
Advertisement