സോണിയ ഇ.ഡിക്കു മുന്നിൽ മൂന്നാം ദിനം, മൂന്നു മണിക്കൂർ

Thursday 28 July 2022 12:53 AM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് മൂന്നാം ദിവസവും മൂന്നുമണിക്കൂറോളം ചോദ്യം ചെയ്‌തു. അതേസമയം, ഇ.ഡി നടപടിക്കെതിരെ ഇന്നലെയും ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും നേതാക്കൾ അറസ്റ്റു വരിക്കുകയും ചെയ്‌തു.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം രാവിലെ 11 മണിയോടെ ഇ.ഡി ഒാഫീസിലെത്തിയ സോണിയ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് മടങ്ങിയത്. ജൂൺ 21ന് രണ്ടുമണിക്കൂറും കഴിഞ്ഞ തിങ്കളാഴ്‌ച ആറുമണിക്കൂറും സോണിയയെ ചോദ്യം ചെയ്‌തിരുന്നു. നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള 40ഒാളം ചോദ്യങ്ങൾക്ക് സോണിയയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് സൂചന.

ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിന് സമീപം വിജയ്‌ചൗക്കിലും എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിലും കോൺഗ്രസ് നടത്തിയ പ്രതിഷേധം ഇന്നലെയും സംഘർഷത്തിൽ കലാശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് എം.പിമാർ ഇന്നലെ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതും വിലക്കയറ്റമടക്കമുള്ള വിഷയങ്ങളും ഉയർത്തി പാർലമെന്റിൽ നിന്ന് മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ, ജയ്‌റാം രമേശ്, ആദിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.പിമാർ വിജയ്‌ചൗക്കിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞ് നേതാക്കളെ അറസ്റ്റു ചെയ്‌തു നീക്കി. അറസ്‌റ്റു ചെയ്‌തവരെ ഹാജരാക്കിയ കിംഗ്‌സ്‌വേ പൊലീസ് സ്റ്റേഷനിൽ എം.പിമാർ പാർലമെന്ററി പാർട്ടി യോഗവും സംഘടിപ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ച സേവാദൾ പ്രവർത്തകരെ അടക്കം പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്‌തു നീക്കിയത്. ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് മഹാരാഷ്‌‌‌ട്രയിൽ നടത്തിയ പ്രതിഷേധ പരിപാടികളിലും സംഘർഷമുണ്ടായി.

ജി-23 നേതാക്കൾ പാർട്ടി ആസ്ഥാനത്ത്

നേതൃത്വത്തെ ചോദ്യം ചെയ്‌ത് കത്തയച്ച ജി-23 ഗ്രൂപ്പിലെ പ്രമുഖരായ ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്നലെ പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളന വേദിയിൽ പ്രത്യക്ഷപ്പെട്ടു. സോണിയ്‌ക്കെതിരായ ഇ.ഡി നടപടിയായിരുന്നു വിഷയമെന്നതും കൗതുകകരമായി.


ഏതാനും വർഷങ്ങളായി അന്വേഷണം നടത്തുന്ന ഇ.ഡിക്ക് ഇതുവരെയായിട്ടും വിവരങ്ങൾ ലഭിക്കാത്തതുകൊണ്ടാണോ രാഹുലിന് പിന്നാലെ സോണിയയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ഗുലാം നബി ആസാദ് ചോദിച്ചു. കൊവിഡ് മുക്തയായ മുതിർന്ന നേതാവിനെ തുടർച്ചയായി ചോദ്യം ചെയ്യുന്നത് നീതികേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമങ്ങൾ ദുരുപയോഗം ചെയ്‌ത് വ്യക്തിഹത്യ നടത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് ആനന്ദ് ശർമ്മയും ആവശ്യപ്പെട്ടു.

ഇ.ഡിയുടെ ഭീകരത സുപ്രീംകോടതി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ അഞ്ചുമണിക്കൂർചോദ്യം ചെയ്‌തതിന് പിന്നാലെ സോണിയ ഗാന്ധിയെ മൂന്നു ദിവസം ഇ.ഡി വിളിപ്പിച്ചു. ഈ നടപടി എത്ര ദിവസം തുടരുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം സത്യം മൂടിവയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ല. അന്വേഷണ ഏജൻസികളുടെ ചോദ്യത്തിന് ഉത്തരം നൽകിയേ മതിയാകൂ. കോൺഗ്രസിന് രാജ്യത്തേക്കാൾ വലുതാണ് ഗാന്ധി കുടുബത്തിന്റെ സംരക്ഷണമെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിഷേധിച്ചാൽ രാജാവ് ജയിലിലടയ്ക്കും: രാഹുൽ

ജി.എസ്.ടി, തൊഴിലില്ലായ്‌മ, അഗ്‌നിപഥ് വിഷയങ്ങളിൽ ചോദ്യമുന്നയിക്കുന്നതും പ്രതിഷേധിക്കുന്നതും കുറ്റമായി കണ്ട് ജയിലിലടയ്‌ക്കാൻ 'രാജാവ്' ഉത്തരവിട്ടതായി രാഹുൽ ഗാന്ധിയുടെ പരിഹാസം. കഴിഞ്ഞ ദിവസം ഇ.ഡി നടപടിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്‌തതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ഒളിയമ്പ്. ജനങ്ങൾക്കു വേണ്ടി ശബ്‌ദമുയർത്തുന്നത് കുറ്റകൃത്യമായിട്ടാണ് കാണുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement