സി.പി.ഐ യെ ആർക്കും കയറി കൊട്ടാമോ ?

Thursday 28 July 2022 12:00 AM IST

ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി മാറിയോ എന്ന് ചോദിക്കുന്നത് മറ്റാരുമല്ല, സി.പി.ഐ ക്കാർ തന്നെയാണ്. സി.പി.ഐ യെയും അതിന്റെ നേതാക്കളെയും ഏക എം.എൽ.എ മാത്രമുള്ള കക്ഷിയായ കേരളകോൺഗ്രസ് (ബി) ആക്രമിച്ചിട്ടും പാർട്ടി ജില്ല, സംസ്ഥാന നേതൃത്വങ്ങൾ അനങ്ങാപ്പാറ നയം സ്വീകരിച്ചെന്ന് അണികൾ മാത്രമല്ല, നേതാക്കളും ആരോപിക്കുന്നു. പത്തനാപുരം എം.എൽ.എ ആയ കെ.ബി ഗണേശ്കുമാർ തന്റെ പാർട്ടിയുടെ പത്തനാപുരം നിയോജക മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം കേട്ടവരെല്ലാം നെറ്റി ചുളിച്ചു. സി.പി.ഐയും ഗണേശ്കുമാറും ഇടതു മുന്നണിയിൽ തന്നെയാണോ എന്നായിരുന്നു മുന്നണി മര്യാദകളെല്ലാം കാറ്റിൽ പറത്തിയ പ്രസംഗം കേട്ടവരുടെ സംശയം. കേരളത്തിലെ ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻ വനംവകുപ്പ് മന്ത്രി കെ.രാജുവാണെന്നായിരുന്നു ഗണേശന്റെ ആരോപണം. ബഫർസോൺ 16 കിലോമീറ്റർ എന്നത് ഒരു കിലോമീറ്ററായി കുറച്ചത് സി.പി.ഐ മന്ത്രി രാജു 2019 ൽ ഇറക്കിയ ഉത്തരവിലൂടെയാണ്. അതിപ്പോൾ തിരുത്താൻ മന്ത്രി എ.കെ ശശീന്ദ്രൻ തയ്യാറായിട്ടുണ്ട്. കൂടെനിന്ന് ചതിക്കുന്ന സി.പി.ഐക്കാരെ സൂക്ഷിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ തോൽപ്പിക്കാൻ രണ്ട് സി.പി.ഐ നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി. അതിലൊരാൾ ഇപ്പോൾ സ്റ്റേറ്റ് കാറിൽ നടക്കുകയാണ്. താൻ അന്ന് ഇടതുമുന്നണിയിൽ പരാതിപ്പെട്ടിരുന്നെങ്കിൽ ആ നേതാവിന് സ്റ്റേറ്റ് കാർ കിട്ടില്ലായിരുന്നു. നമ്മുടെ ഔദാര്യമാണ് ആ സ്റ്റേറ്റ് കാറെന്ന് സി.പി.ഐ നേതാവും ഹോർട്ടികോർപ്പ് ചെയർമാനുമായ അഡ്വ.എസ്.വേണുഗോപാലിനെ പേരെടുത്ത് പറയാതെയാണ് വിമർശിച്ചത്. ഗണേശ്കുമാറിന്റെ എല്ലില്ലാത്ത നാക്കിന്റെ വിളയാടൽ മുമ്പ് പലപ്പോഴും പത്തനാപുരത്തുകാർ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. യു.ഡി.എഫിലായിരുന്നപ്പോൾ വി.എസ് അച്യുതാനന്ദനെ കേട്ടാലറയ്ക്കുന്ന വാക്കുകളിൽ പരസ്യമായി ആക്ഷേപിച്ചയാളാണ് ഗണേശ്കുമാർ എന്നത് പത്തനാപുരത്തുകാർ അത്ര പെട്ടെന്നൊന്നും മറക്കില്ല. സി.പി.ഐ യെ പരസ്യമായി ആക്ഷേപിച്ച ഗണേശ് കുമാറിനെതിരെ വൈകിയാണെങ്കിലും പത്തനാപുരത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്.

കാലങ്ങളായുള്ള കലിപ്പ്

ഇടതുമുന്നണിയിലും കേരളാ കോൺഗ്രസ് -ബി യിലും ഒറ്റയാനെപ്പോലെ പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഗണേശനോട് സി.പി.ഐക്കും സി.പി.ഐയോട് ഗണേശനും അരിശം തോന്നിത്തുടങ്ങിയിട്ട് വർഷം കുറെയായി. പത്തനാപുരത്തിന് പുറത്ത് മറ്റൊരു ലോകമില്ലെന്ന രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഗണേശ്കുമാർ മണ്ഡലം തന്റെ കുത്തകയാക്കി മാറ്റിയെന്ന് മാത്രമല്ല, ഘടകകക്ഷി നേതാക്കളെയൊന്നും മുഖവിലയ്ക്കെടുക്കാറേ ഇല്ലെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ ഇടതുമുന്നണിയിലെ സി.പി.ഐയ്‌ക്ക് മാത്രമല്ല, സി.പി.എമ്മിനുമുണ്ട് അമർഷം. പക്ഷേ പത്തനാപുരത്ത് ജനകീയനായി മാറിയ ഗണേശന് രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിക്കുന്നതിനാലാണ് അദ്ദേഹം തുടർച്ചയായി വിജയിക്കുന്നത്. മണ്ഡലത്തിലെ സി.പി.എം നേതാക്കളെ കൈയ്യിലെടുത്ത് സി.പി.ഐക്കെതിരെ കരുനീക്കം നടത്തുന്നതും ഗണേശിന്റെ തന്ത്രമാണ്. കാലങ്ങളായി സി.പി.ഐ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്ന മണ്ഡലമായിരുന്നു പത്തനാപുരം. 2006 ലാണ് ഗണേശൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായെത്തി ആ സീറ്റ് പിടിച്ചെടുക്കുന്നത്. പിന്നീട് 2011 ലും വിജയം ആവർത്തിച്ചു. അന്ന് സി.പി.ഐയിൽ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും വിജയം ഗണേശനായിരുന്നു. 2016 ൽ കേരള കോൺഗ്രസ്- ബി ഇടതുമുന്നണിയിലെത്തിയതോടെ സി.പി.ഐക്ക് പത്തനാപുരത്തിന് പകരമായി ലഭിച്ച അടൂർ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഇപ്പോഴും സി.പി.ഐ പത്തനാപുരം സീറ്റിന്മേലുള്ള താത്പര്യം ഉപേക്ഷിച്ചിട്ടില്ല. അതിനാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും പത്തനാപുരത്ത് തന്റെ പാർട്ടി മത്സരിക്കുന്നിടത്തൊക്കെ സി.പി.ഐ പാരവയ്ക്കുന്നു എന്നാണ് ഗണേശന്റെ ആരോപണം. അതിൽ വാസ്തവം ഇല്ലാതെയുമില്ല. അവസരം കിട്ടുമ്പോഴൊക്കെ ഗണേശൻ സി.പി.ഐ നേതാക്കളെ പരസ്യമായി വിമർശിക്കാറുണ്ട്. ഗണേശൻ പങ്കെടുക്കുന്ന ചടങ്ങുകളിലൊന്നും മറ്റൊരു നേതാവിനെയും പങ്കെടുപ്പിക്കരുതെന്നത് അദ്ദേഹത്തിന് നിർബന്ധമാണത്രേ. ഇനി ആരെങ്കിലും പങ്കെടുത്താൽ ആ ചടങ്ങിന് ഗണേശൻ എത്തുകയില്ല. മുമ്പ് പത്തനാപുരത്തെ ഒരു സ്കൂൾ വാർഷികചടങ്ങിൽ അന്ന് മന്ത്രിയായിരുന്ന കെ.രാജുവിനെ സംഘാ‌ടകർ ക്ഷണിച്ചു. മന്ത്രിയെ ഒഴിവാക്കാൻ ഗണേശൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ആക്ഷേപമുണ്ട്. ഒടുവിൽ ചടങ്ങിൽവച്ച് മന്ത്രിയെ ഇരുത്തിക്കൊണ്ടുതന്നെ ഗണേശൻ മന്ത്രിക്കെതിരെ പരോക്ഷവിമർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. കൊല്ലത്ത് പുതുതായി ചുമതലയേറ്റ വനിതാ കളക്ടറെയും വേദിയിലിരുത്തി പരസ്യമായി വിമർശിച്ച ചരിത്രമുണ്ട് ഗണേശന്. കളക്ടർ ചുമതലയേൽക്കും മുമ്പ് എം.എൽ.എ ആയ തന്നെ അറിയിച്ചില്ലെന്നതായിരുന്നു പരാതി.

ആരോഗ്യ, ധനകാര്യ

വകുപ്പുകൾക്കെതിരെയും

ആരോഗ്യ, ധനകാര്യവകുപ്പുകളുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ തന്റെ മണ്ഡലത്തിൽ വേണ്ടവിധം നടക്കുന്നില്ലെന്നതാണ് ഗണേശിന്റെ ഇപ്പോഴത്തെ പരാതി. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്കെതിരെയുമുണ്ട് അദ്ദേഹത്തിന് പരാതി. സി.പി.ഐ മന്ത്രിമാരെല്ലാം തന്റെ മണ്ഡലത്തിലെ വികസനം തടസ്സപ്പെടുത്തുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഗണേശ്കുമാർ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ലെന്ന് സി.പി.ഐയുടെ മണ്ഡലം സമ്മേളനങ്ങളിലെല്ലാം വിമർശനമുയരുന്നത് പതിവാണ്. ഗണേശ്കുമാർ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എൽ.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജിയാണ്. അതുമൂലം ഇടതുസർക്കാരിന്റെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സി.പി.ഐ വിമർശിക്കുന്നുണ്ട്. അടുത്തിടെ നടന്ന സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ഗണേശ്കുമാർ മുൻമന്ത്രി കെ.രാജുവിനെതിരെ നടത്തിയ പരാമർശങ്ങൾ പ്രതിനിധികൾക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ അതിന് പത്തനാപുരത്തെ പാർട്ടി നേതൃത്വം തന്നെ മറുപടി നൽകണമെന്നായിരുന്നു പാർട്ടിയുടെ നിർദ്ദേശം. അതനുസരിച്ച് പത്തനാപുരത്ത് പാർട്ടിയുടെ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.

Advertisement
Advertisement