ഭിന്നശേഷി പ്രൊമോഷൻ സംവരണം അട്ടിമറിക്കപ്പെടുമോ?

Thursday 28 July 2022 12:00 AM IST

വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ ഭിന്നശേഷി ഉദ്യോഗസ്ഥർ നേടിയെടുത്ത പ്രമോഷൻ സംവരണത്തിനുള്ള അവകാശം അട്ടിമറിക്കപ്പെടാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഇത് വ്യക്തമാക്കുന്നതാണ് കേരള സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്. ഭിന്നശേഷിക്കാരുടെ പ്രൊമോഷൻ സംവരണത്തിലെ കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് പ്രൊമോഷൻ നല്കണമെന്ന്

സുപ്രീം കോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് കേരള സർക്കാർ ഇറക്കിയ ഗവൺമെന്റ് ഉത്തരവാണ് വിവാദമായത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ഭിന്നശേഷിക്കാർക്ക് പ്രൊമോഷൻ നല്കാൻ ഉപയുക്തമായി നിലവിൽവന്ന സെൻട്രൽ ആക്ടിലെ വ്യവസ്ഥ ക്രോഡീകരിച്ച സെൻട്രൽ ഓഫീസ് മെമ്മോറാണ്ടത്തിലെ പല വ്യവസ്ഥകളും ഒഴിവാക്കിയാണ് കേരള സർക്കാരിന്റെ പുതിയ ഉത്തരവ്. ഭിന്നശേഷിക്കാരുടെ പ്രൊമോഷൻ സംവരണം എന്ന വിശാലലക്ഷ്യത്തെ വന്ധ്യംകരിക്കുന്നതാണ് ഉത്തരവാണിത്.

ഈ ഉത്തരവിലെ അപാകതകൾ ഒഴിവാക്കിയെങ്കിൽ മാത്രമേ അർഹരായ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കൂ. മാത്രമല്ല, നിയമനങ്ങളിലും ഇതുസംബന്ധിച്ച് നിലനിൽക്കുന്ന അന്യായങ്ങൾക്ക് അപ്പോൾ മാത്രമേ അറുതിയുണ്ടാകൂ.സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണത്തിന് അർഹതയുണ്ട്. ഭിന്നശേഷി വിഭാഗങ്ങൾക്കായി മാത്രം ഒരു നിയമം നിലവിൽ വന്നത്‌ കേന്ദ്രസർക്കാരിന്റെ പേഴ്‌സൺസ് വിത്ത് ഡിസബിലി​റ്റീസ് ആക്ട് വഴിയാണ് (1995). വിവിധ ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിൽ ഉന്നതിയിലേക്ക് ഉയർത്തി കൊണ്ടുവരാൻ ആവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്രമായ ഒരു നിയമമായിരുന്നു ഇത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്താനും കണ്ടെത്തപ്പെട്ട തസ്തികകളിലെ നിയമനങ്ങളിൽ മൂന്ന് ശതമാനത്തിൽ കുറയാതെയുള്ള സംവരണം ലഭ്യമാക്കണമെന്നും കർശന വ്യവസ്ഥയുണ്ട് ഈ നിയമത്തിൽ. ഇതോടൊപ്പം സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ മൊത്തം തൊഴിൽശക്തിയുടെ നാല് ശതമാനം ഭിന്നശേഷിക്കാർക്കായി നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 1997 ഫെബ്രുവരി എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്മേലാണ് ആദ്യമായി പ്രൊമോഷൻ മുഖാന്തരം നടത്തപ്പെടുന്ന തസ്തികകളിൽ മൂന്ന് ശതമാനം ഭിന്നശേഷി വിഭാഗത്തിന് നൽകുന്നതിൽ വ്യക്തത വരുത്തുന്ന ഉത്തരവ്.

ഗ്രൂപ്പ്‌ സി, ഗ്രൂപ്പ് ഡി തസ്തികകളിലാണ് ആദ്യമായി ഭിന്നശേഷി വിഭാഗക്കാർക്ക് പ്രൊമോഷൻ സംവരണം ലഭ്യമാക്കണമെന്ന വ്യവസ്ഥ വരുന്നത്. ഇത്തരം നിയമനങ്ങളിൽ ഏതു വിധേനയാണ് സംവരണം ലഭ്യമാക്കേണ്ടത് എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. 29.12.2005ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിശദമായ ഓഫീസ് മെമ്മോറാണ്ടത്തിലാണ് പേഴ്‌സൺസ് വിത്ത് ഡിസബിലി​റ്റീസ് ആക്ട് 1995 പ്രകാരം കേന്ദ്രസർക്കാർ/അനുബന്ധ സ്ഥാപനങ്ങളിൽ നടക്കുന്ന നിയമനങ്ങളിൽ മൂന്ന് ശതമാനം ഉദ്യോഗ/ പ്രൊമോഷൻ സംവരണം എങ്ങനെ ലഭ്യമാക്കണം എന്നതിനെക്കുറിച്ച് വിശദമായി വിവരിക്കുന്നത്. 'നിലവിലെ എല്ലാ ഉത്തരവുകളെയും ഈ ഉത്തരവ് മറികടക്കും' എന്ന തലക്കെട്ടോടെ കൂടി പ്രസിദ്ധീകരിച്ച ഉത്തരവാണിത്. കേന്ദ്രസർക്കാർ ഈ രീതിയിൽ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചെങ്കിലും മിക്ക വകുപ്പുകളും, അനുബന്ധ സ്ഥാപനങ്ങളും ഈ വ്യവസ്ഥ പാലിച്ച് നിയമനം നടത്തിയിരുന്നില്ല.
ഇതേത്തുടർന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയിൽ കേന്ദ്രസർക്കാരിന്റെ നിലവിലുള്ള ഭിന്നശേഷി ഉദ്യാേഗനിയമത്തിൽ ആവശ്യമായ തിരുത്തലുകൾ ഉൾക്കൊള്ളിച്ച് ഓഫീസ് മെമ്മോറാണ്ടം അടിയന്തരമായി പുറത്തിറക്കണമെന്ന് നിർദ്ദേശമുണ്ടായി. പി.ഡബ്ല്യു.ഡി ആക്ട് 95 നിലവിൽ വന്നതു മുതലുള്ള നിയമനങ്ങളുടെ മൂന്ന് ശതമാനം കണ്ടെത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന്‌ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കുകയും ചെയ്തു.
എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ഉത്തരവ് പാലിക്കപ്പെട്ടില്ല. അതോടൊപ്പം പ്രമോഷൻ തസ്തിക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്ന വ്യവസ്ഥ നടപ്പിൽവരുത്താൻ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും, സംസ്ഥാന സർക്കാരുകളും വിമുഖത കാട്ടി. കേന്ദ്ര സർക്കാർ ഉൾപ്പടെ 19 ഓളം സംസ്ഥാന സർക്കാരുകൾ നിയമം പ്രാബല്യത്തിൽ വരുത്തിയെങ്കിലും കർണാടക,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.

ജനറൽ കാറ്റഗറിയിൽ ജോലിയിൽ പ്രവേശിച്ച ലിസമ്മ ജോസഫ് ഭിന്നശേഷിക്കാരുടെ പ്രൊമോഷൻ സംവരണത്തിനായി കേരള ഗവൺമെന്റിനെ സമീപിച്ചു. എന്നാൽ സർക്കാരിന്റെ നിലപാട് പ്രതികൂലമായതിനെ തുടർ‌ന്ന് അവർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വിധിയിൽ , ജീവിതത്തിൽ ഏത് ഘട്ടത്തിൽ ഭിന്നശേഷിക്കാരായി മാറിയാലും ആ വ്യക്തിക്ക് ഭിന്നശേഷിക്കാരുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ ആനുകൂല്യങ്ങൾക്ക് മുൻകാല പ്രാബല്യവും ഉണ്ടായിരിക്കും.

പ്രൊമോഷൻ സംവരണം സംബന്ധിച്ച് ആനന്ദ് കെ.എൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത കേസിൽ 2022 ജൂലായ് രണ്ടാം വാരത്തോടെ ഭിന്നശേഷിക്കാർക്ക് പ്രമോഷൻ സംവരണത്തിന് അനുയോജ്യമായ തസ്തികകൾ കണ്ടെത്തി തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തസ്തിക കണ്ടെത്തൽ വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക്‌ കേരള സർവീസ് റൂൾ പ്രകാരം ഡിപ്പാർട്ട്‌മെന്റ് പരീക്ഷയിൽ മൂന്നുവർഷം ഇളവ് അനുവദിച്ചിട്ടുണ്ട്. SC/ST വിഭാഗത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും ഭിന്നശേഷിക്കാരും അർഹരായതിനാൽ പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റ് ടെസ്​റ്റിൽ SC/ST വിഭാഗത്തിന് നൽകുന്ന ഇളവ് നിർബന്ധമായും ഭിന്നശേഷിക്കാർക്കും നൽകേണ്ടതാണ്.

സംവരണം നടപ്പിലാക്കേണ്ടത് ഒരു പ്രൊമോഷൻ ലിസ്​റ്റിൽ ഏതെല്ലാം ടേണുകളിലാണ് എന്നത് അതത് ഡിപ്പാർട്ട്‌മെന്റുകൾ തീരുമാനിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. എന്നാൽ ആയത് പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കാത്തതു കാരണം ഭിന്നശേഷിക്കാർക്ക് പ്രമോഷനിൽ സംവരണം എന്നത് ഇനിയും അനന്തമായി നീളുകയാണ്. ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത് ഭിന്നശേഷിക്കാരല്ലാത്ത ഉദ്യോഗസ്ഥരുടെ പ്രൊമോഷനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് പ്രൊമോഷൻ സംവരണം സംബന്ധിച്ച് ഇത്തരത്തിലുള്ള വ്യക്തതയില്ലാത്ത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ(കേരള) സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ ഫോൺ: 9496187334.

Advertisement
Advertisement