മന്ത്രിമാരുടെയും എം.എൽ.എമാരുടെയും അലവൻസ് കൂട്ടുന്നു

Thursday 28 July 2022 12:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ഏകാംഗ കമ്മിഷനായി മന്ത്രിസഭായോഗം നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

നിലവിൽ മന്ത്രിമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 97,429 രൂപയാണ് ലഭിക്കുന്നത്. എം.എൽ.എമാർക്ക് വിവിധ അലവൻസുകളായി 70,000 രൂപ ലഭിക്കും. 2018ലാണ് ഇവരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത്. നിത്യനിദാന ചെലവുകളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിശ്ചിത ശമ്പളത്തുകയായി 2000 രൂപയ്ക്ക് പുറമേ മണ്ഡല അലവൻസായി 25,000 രൂപ, ടെലഫോൺവാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, അതിഥിസൽക്കാരത്തിനും മറ്റുമായി 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിങ്ങനെയാണ് എം.എൽ.എമാർക്ക് ഒരു മാസം 70,000 രൂപ ലഭിക്കുന്നത്.

മന്ത്രിമാർക്ക് ആനുകൂല്യങ്ങളെല്ലാം ചേർത്താണ് 97,429രൂപ. യാത്രയ്ക്ക് കിലോമീറ്ററിന് നിശ്ചിത തുക ബാറ്റയായി നൽകുന്നതുൾപ്പെടെ ഇതിൽ വരും. ഇപ്പോഴത്തെ ഡീസൽവിലയും കൂടെയുള്ളവർക്ക് ചായ വാങ്ങി നൽകുന്നതുമുൾപ്പെടെ ചേർത്താൽ ഈ തുക ഒന്നിനും തികയില്ലെന്നാണ് മന്ത്രിമാരുടെ പരിഭവം. മണ്ഡലകാര്യങ്ങളുൾപ്പെടെ നോക്കേണ്ടത് ഇതിൽ നിന്നാണ്. കൊവിഡ് കാലത്തെ സാലറി ചലഞ്ചിന്റെ ഭാഗമായി മന്ത്രിമാർക്കാണെങ്കിൽ പതിനായിരം രൂപ ദുരിതാശ്വാസനിധിയിലേക്കും നൽകണം. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ ഇപ്പോഴൊരു വർദ്ധന അനിവാര്യമാണോയെന്ന വിമർശനവുമുയരുന്നുണ്ട്.

എം.എൽ.എമാരുടെ ആനുകൂല്യങ്ങൾ:

■ റോഡ് യാത്ര: കി.മീ. (കേരളത്തിലും പുറത്തും)- 10 രൂപ

■ ട്രെയിൻ യാത്ര ഫസ്റ്റ് ക്ലാസ് എ.സി- 1 രൂപ

■ വാഹനത്തിൽ ഇന്ധനം - 3ലക്ഷം രൂപ (ഒരു വർഷത്തേക്ക്)

■ നിയമസഭാസ മ്മേളനമടക്കം അലവൻസ് - 1000 രൂപ (കേരളത്തിനകത്ത്).1200 രൂപ (കേരളത്തിന് പുറത്ത്)

■ യോഗങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്രാക്കൂലി - 50,000 രൂപ (ഒരു വർഷത്തേക്ക്)

■ മെട്രോ പോളിറ്റൻ നഗര സന്ദർശനം - 3500 രൂപ

■ ചികിത്സാ ചെലവ് -റീ ഇംബേഴ്സ്‌മെന്റ്

■ പലിശരഹിത വാഹന വാ‌യ്പ- 10 ലക്ഷം രൂപ വരെ

■ ഭവന വായ്പ അഡ്വാൻസ്- 20 ലക്ഷം രൂപ

■ പുസ്തകങ്ങൾ വാങ്ങാൻ-15,000 രൂപ (പ്രതിവർഷം)

മന്ത്രിമാർക്ക്

■ പ്രതിമാസ അലവൻസ്- 2000 രൂപ

■ഡി.എ- 38,429 സരൂപ

■ മണ്ഡലം അലവൻസ്- 40,000രൂപ

■ തലസ്ഥാനത്തും, ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും ഇന്ധനം- 17,000 രൂപ

■ റോഡ് യാത്ര കി.മീ - 15 രൂപ

■ കേരളത്തിനകത്ത് താമസം ഒരു ദിവസം- 1000 രൂപ

■ ട്രെയിൻ യാത്ര ഫസ്റ്റ് ക്ലാസ് എ.സി കി.മീ - 1രൂപ

■ സംസ്ഥാനത്തിനകത്തും പുറത്തും വിമാനയാത്ര സൗജന്യം

■ ഔദ്യോഗിക വസതി, ടെലഫോൺ

■ പേഴ്സണൽ സ്റ്റാഫ് 30 പേർ.

■ സംസ്ഥാനത്തിന് പുറത്ത് യാത്രാബത്ത ദിവസം - 1500 രൂപ

■ ചികിത്സാച്ചെലവ് -റീ ഇംബേഴ്സ്‌മെന്റ്.

Advertisement
Advertisement