മുഖ്യമന്ത്രിയുടെ ബി.ജെ.പി ഊന്നുവടി കോൺഗ്രസിന് വേണ്ട: വി.ഡി. സതീശൻ

Thursday 28 July 2022 12:56 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ഉപയോഗിക്കുന്ന ബി.ജെ.പിയുടെ ഊന്നുവടി കോൺഗ്രസിനോ യു.ഡി.എഫിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വം നൽകിയ ഊന്നുവടിയിലാണ് പിണറായി നിവർന്ന് നിൽക്കുന്നത്.

മോദി സർക്കാരിന്റെ വലതുപക്ഷ നിലപാടുകൾക്ക് പിന്നാലെ സി.പി.എമ്മും സംസ്ഥാന സർക്കാരും പോകുന്നതിന്റെ ഉദാഹരണമാണ് സിൽവർലൈൻ. കെ.എസ്.ആർ.ടി.സി പൂട്ടി കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചവർ എന്ത് ഇടതുപക്ഷമാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനങ്ങളെ കരുതൽ തടങ്കലിലാക്കുന്നത് ഇടതുപക്ഷ സമീപനമാണോ. ഇതുതന്നെയാണ് ചിന്തൻ ശിബിറും വിലയിരുത്തിയത്. ഹിന്ദി അറിയാത്തത് കൊണ്ടാണ് ചിന്തൻ ശിബിർ എന്ന വാക്ക് ആർ.എസ്.എസിൽ നിന്ന് കടമെടുത്തതെന്ന് ഇ.പി ജയരാജൻ പറഞ്ഞത്.

മാധ്യമം ദിനപത്രത്തിനെതിരെ കെ.ടി. ജലീൽ കത്തയച്ചത് അറിഞ്ഞില്ലെന്നും മോശമായിപ്പോയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പ്രോട്ടോക്കോൾ ലംഘിച്ച കാര്യം ജലീലിനോട് ചോദിക്കാൻ പോലും മുഖ്യമന്ത്രിക്ക് സൗകര്യമുണ്ടായില്ല.

എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികളെ പൊലീസിന് അറിയാമെങ്കിലും അവരുടെ കൈകൾ വരിഞ്ഞുകെട്ടിയിരിക്കുകയാണ്.

Advertisement
Advertisement