കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധമിരമ്പി

Thursday 28 July 2022 2:02 AM IST

തൃശൂർ: ചികിത്സയ്ക്ക് പണമില്ലാതെ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപക മരിച്ചതോടെ നിക്ഷേപകർക്ക് തുക നൽകാത്തതിനെതിരെ പ്രതിഷേധം ശക്തം. സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് ചികിത്സയ്ക്ക് പോലും അത് കിട്ടാതെ മരിച്ച മൂന്നാമത്തെ വ്യക്തിയാണ് ഫിലോമിനയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബാങ്ക് പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയ ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും സംസ്ഥാന പാത ഉപരോധിച്ചതിനും പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രതിഷേധത്തിന് കോൺഗ്രസ് നേതാക്കളായ ബൈജു കുറ്റിക്കാടൻ, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, കെ.എഫ് ഡൊമിനിക് , സജീവൻ കുരിയച്ചിറ, ടി.വി.ചാർളി, എം.ആർ.ഷാജു എന്നിവർ പങ്കെടുത്തു. ബി.ജെ.പി സമരത്തിന് സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കവിത ബിജു, രതീഷ് കുറുമാത്ത്, എം.വി.സുരേഷ്, ഷാജുട്ടൻ, ആർച്ച അനീഷ് കുമാർ നേതൃത്വം നൽകി.

നരഹത്യക്ക് കേസെടുക്കണമെന്ന് ജോസ് വള്ളൂർ

ആവശ്യമായ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ഫിലോമിന മരണപ്പെട്ട സംഭവത്തിലെ നരഹത്യക്ക് ഉത്തരവാദികൾ സി.പി.എം നേതൃത്വവും ബാങ്ക് അധികാരികളുമാണെന്നും ഇവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.

മരണത്തിനുത്തരവാദി സി.പി.എം നേതൃത്വം

30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കായി പണം ലഭിക്കാത്തത് മൂലം വിദഗ്ദ്ധ ചികിത്സ നൽകാനാകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌ കുമാർ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളുടെ ചോര കുടിക്കുന്ന അട്ടയായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.

Advertisement
Advertisement