ദ്രൗപതി മുർമുവിനെ 'രാഷ്ട്രപത്നി'യെന്ന് വിളിച്ചു: കോൺഗ്രസ് എം പിക്കെതിരെ കനത്ത പ്രതിഷേധം

Thursday 28 July 2022 2:38 PM IST

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ 'രാഷ്ട്രപത്നി'യെന്ന് അഭിസംബോധന ചെയ്ത് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ഇതിനെ പാർലമെന്റിൽ ബിജെപി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. സ്മൃതി ഇറാനിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി വാർത്താ സമ്മേളനം നടത്തിയിരുന്നു. തുടർന്ന് ലോക്സഭ ചേർന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയർത്തി. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമനും വിഷയം ഉന്നയിച്ചു.

കോൺഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവർ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക് സഭയിൽ ആവശ്യപ്പെട്ടു. പരാമർശം ബോധപൂർവമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞു.

എന്നാൽ പ്രശ്നം അധീർ രഞ്ജൻ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചു.