കോഴക്കേസ്; പാർത്ഥ ചാറ്റർജി ബംഗാൾ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്, വകുപ്പുകളുടെ ചുമതല മമതാ ബാനർജി ഏറ്റെടുത്തു

Thursday 28 July 2022 5:59 PM IST

കൊൽക്കത്ത: പശ്ചിമബംഗാൾ വ്യവസായ വാണിജ്യ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി. അദ്ധ്യാപക നിയമന കോഴക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കടുത്ത നടപടി സ്വീകരിച്ചത്.

മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബംഗാൾ സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാർത്ഥ ചാറ്റർജി വഹിച്ചിരുന്ന വാണിജ്യ- വ്യവസായ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും പാർത്ഥയെ നീക്കുമെന്നും സൂചനയുണ്ട്. പാർത്ഥയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു.

മമതാ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു ചാറ്റർജി. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ്, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമാണം എന്നീ വകുപ്പുകളുടെ ചുമതലയാണ് പാർത്ഥ ചാറ്റർജി വഹിച്ചിരുന്നത്.

2016ലെ മമത മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മീഷൻ വഴി സർക്കാ‌ർ സ്കൂളുകളിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് പാർത്ഥ ചാറ്റർജിക്കെതിരെയുള്ള ആരോപണം.

മന്ത്രിയുമായി അടുപ്പം പുലർത്തിയിരുന്ന നടികൂടിയായ അർപിത മുഖർജിയുടെ ഫ്ളാറ്റുകളിൽ നിന്നായി 50 കോടി രൂപയും അഞ്ച് കിലോ സ്വർണവും വിദേശ കറൻസിയും ഇ‌ഡി കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർത്ഥ ചാറ്റജിയുടേതാണെന്ന് അർപിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.