കൂടിക്കാഴ്ച അനുവദിച്ചില്ല, കേന്ദ്ര റെയിൽവേ മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധം, പ്രധാനമന്ത്രിക്ക് പരാതിനൽകുമെന്ന് കേരള മന്ത്രിമാർ

Thursday 28 July 2022 9:46 PM IST

ന്യൂഡൽഹി : കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെതിരെ കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം. . നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്ന് അശ്വനി വൈഷ്ണവ് പിൻമാറിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ,​ ആന്റണി രാജു എന്നിവർ പറഞ്ഞു.

കൊച്ചുവേളി, നേമം ,തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവയുടെ വികസനം കേന്ദ്രറെയിൽനേ മന്ത്രിയുമായി ചർച്ച ചെയ്യാനാണ് മന്ത്രിമാർ ഡൽഹിയിൽ എത്തിയത്. എന്നാൽ ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാർക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു.

ഇന്ന് കാണാം എന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ഡൽഹിയിൽ എത്തിയതെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് തയ്യാറാാകാത്ത കേന്ദ്ര റെയിൽവേ മന്ത്രിയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

jറെയിൽവേമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ. തൃപാഠിയുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രിതല സംഘം സംസ്ഥാനത്തിന്റെ നിവേദനം കൈമാറി. തിരുവനന്തപുരം ജില്ലയിലെ റെയിൽവേ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്നും വിഷയം നേരിട്ട് പരിശോധിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി അടുത്ത മാസം 25-ന് കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.