ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നതിന്റെ സൂചനകൾ, വുഹാനിൽ മൂന്ന് ദിവസത്തേക്ക് ലോക്ക്‌ഡൗൺ
Thursday 28 July 2022 10:43 PM IST
വുഹാൻ: ചൈനയിലെ വുഹാനിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി ആശങ്ക. ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട നഗരമാണ് വുഹാൻ. വീണ്ടും കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് വുഹാനിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
1.20 കോടി ജനങ്ങൾ പാർക്കുന്ന വുഹാനിൽ നാലു പേർക്കാണ് കൊവിഡ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വുഹാനിൽ കൊവിഡ് രോഗികളെ കണ്ടെത്തിയത്.ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകൾ വുഹാനിലെ ഹുവാനൻ മാർക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്ന് സ്കോട്ട് ലൻഡിലെ ഗ്ലാസ്ഗ്ലോ സർവകലാശാലയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.