നീതിയുടെ അവകാശികൾ

Friday 29 July 2022 12:00 AM IST

രാമായണത്തിൽ നിഷ്‌ക്രിയത എന്നൊരു വാക്കില്ല. കർമ്മവിമുഖതയല്ല, കർമ്മനിരതയാണ് എവിടെയും. അതിന്റെ ന്യായാന്യായങ്ങളും ന്യൂന - അന്യൂനതകളും തമ്മിലുള്ള ആത്മപരിശോധനാപരമായ സംഘർഷങ്ങളാണ് രാമായണത്തിലെവിടെയും കാണുന്നത്. ത്യാഗസ്വരൂപനായ ശ്രീരാമചന്ദ്രന്റെ സരയൂനദിയിലേക്കുള്ള സ്വർഗാരോഹണ യാത്ര അതിവിശേഷമായിട്ടാണ് വാത്മീകി മഹർഷി വർണിച്ചിട്ടുള്ളത്.

സീതാപരിത്യാഗവും സ്വർഗാരോഹണവും ഉൾപ്പെടുന്ന രാമകഥ ഏതൊരർത്ഥത്തിലും അവാച്യമായ അനുഭൂതിയാണ്, രാമകഥ മാനവരാശിക്ക് സമ്മാനിക്കുന്നത്.'വാത്മീകി രാമായണ'ത്തിൽ
ശ്രീരാമചന്ദ്രന്റെ സ്വർഗ്ഗാരോഹണം വരെ പ്രതിപാദിക്കുന്ന ഉത്തരകാണ്ഡമുണ്ടെന്നും അതല്ല, ശ്രീരാമ പട്ടാഭിഷേകത്തോടെ അവസാനിയ്ക്കുന്നെന്നും രണ്ട് മതമുണ്ട്. വ്യാസമഹാഭാരതത്തിൽ സീതയുടെ അഗ്നിപ്രവേശത്തോടെ രാമകഥ പൂർണമാകുന്നു. കാളിദാസൻ രഘുവംശത്തിൽ ഉത്തരകാണ്ഡത്തിലെ കഥാഗതികൾ പ്രതിപാദിക്കുന്നുണ്ട്. രാമായണത്തിലെങ്ങും പരസ്പര ബഹുമാനത്തിന്റെ ആത്മപ്രകാശപരമായ പ്രതിഫലനങ്ങളാണ് കാണുന്നത്.

പ്രായഭേദമെന്യേ പരസ്പരാദരങ്ങളുടെ പൂരകമാണ്, പുരാണേതിഹാസ കഥാചരിത്രങ്ങളിലെവിടെയും. രാമായണത്തിൽ ഇത് വളരെ പ്രകടമാണ്. എന്താണ് 'മാതൃക'യെന്ന് രാമൻ നമ്മെ പഠിപ്പിക്കുന്നു. ധർമ്മത്തിനു വേണ്ടിയുള്ള കർമ്മമെന്നല്ലാതെ എതിരാളിയെ കീഴ്‌പ്പെടുത്തി, എല്ലാം സ്വാർജ്ജിതമാക്കണമെന്ന് എന്തിനും അധികാരമുള്ള മഹാപ്രജാപതിയായ ശ്രീരാമൻ ഒരിടത്തും ചിന്തിച്ചിട്ടുപോലുമില്ല. ശ്രീരാമൻ അദ്ദേഹത്തിന്റെ അയനത്തിലെങ്ങും ആരെയും വധിച്ചിട്ടില്ല ; അവർക്കു സാക്ഷാത്കാരം നല്കിയിട്ടേയുള്ളൂ. അതായത് മോക്ഷപ്രാപ്തി നല്കിയിട്ടേയുള്ളൂ . അതിനായി മനസ്സുകൊണ്ട് തപധ്യാനലീനരായിരുന്നവരെത്ര . ശിലാരൂപത്തിൽ നിന്ന അഹല്യയ്ക്ക്, എന്നല്ല രാമായണത്തിലുടനീളം പലസന്ദർഭങ്ങളിലായി ഇതുകാണാം. രാമൻ ബാലിയെ നിഗ്രഹിച്ച് രാജ്യവും സമ്പത്തും
സുഗ്രീവന് നല്കുകയാണുണ്ടായത്. രാവണനെ വധിച്ച് രാജ്യം വിഭീഷണനു നല്കുകയായിരുന്നു.

യുദ്ധത്തിലായാലും പക്ഷത്തിലായാലും നീതിയുടെ ഭാഗത്ത് ആരാണോ അവകാശികൾ ,അവരെ ഭരമേൽപ്പിക്കുക എന്ന സൂക്ഷ്മവും സത്യസന്ധവുമായ ധർമ്മമേ നീതിമാന്മാർ എക്കാലത്തും ചെയ്യുകയുള്ളൂ എന്ന മഹത്തായ ഉദ്‌ബോധനമാണ് രാമനിലൂ
ടെയും രാമായണത്തിലൂടെയും നാം കാണുന്നത്. ആ കർമ്മവിശുദ്ധിയൊന്നേ കാലാതിവർത്തിയായി നിലനില്‌ക്കൂ, പ്രകീർത്തിയ്ക്കപ്പെടൂ എന്ന് രാമായണം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. ധർമ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്നതാണ് രാമായണം. സാർവലൗകിതയാണ് അതിന്റെ സന്ദേശം.

Advertisement
Advertisement